തൃശൂര്‍: നടന് ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിനായി എടുക്കാന്‍ തിയറ്ററുകള്‍ തയ്യാറാവുന്നില്ലെന്ന് സംവിധായകന് സജീവന് അന്തിക്കാട്. ലാ ടൊമാറ്റിന എന്ന സിനിമയിലെ രണ്ടു നായകന്മാരില് ഒരാളാണ് ശ്രീജിത്ത് രവി. സംഭവം ഒടിടി റിലീസിനെയും ബാധിച്ചു.
1.40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണെന്നും സജീവന് അന്തിക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ശ്രീജിത്ത് പോക്സോ കേസില്‍ പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജനുവരി 15ന് തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നത് കെഎസ്എഫ്ഡിസി ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ്. ചില പോരായ്മകള്‍ കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മൂന്ന് മാസത്തോളം മുടങ്ങി.
തടസങ്ങള്‍ പരിഹരിച്ച് സിനിമ റിലീസിങ്ങിന് തയ്യാറെടുക്കുമ്പോഴാണ് ശ്രീജിത്ത് രവി പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മ്മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്നും സംവിധായകന് ചോദിച്ചു. ശ്രീജിത്ത് രവി അഭിനയിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ സിനിമക്ക് റിലീസ് ചെയ്യാനായി തിയറ്ററുകള്‍ കിട്ടുന്നില്ല. ഒടിടി റിലീസിനെയും സംഭവം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: