പ്രധാനമന്ത്രിയുടെ സ്കില്‍ ഇന്ത്യ മിഷന്റെ ഭാഗമായി രാജ്യത്തെ ഇരുന്നൂറ് കേന്ദ്രങ്ങളില്‍ നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം സംഘടിപ്പിച്ച ദേശീയ അപ്രന്റീസ്ഷിപ്പ് മേള അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുക. വിവിധ മേഖലകളിലുള്ള ആയിരത്തിലധികം കമ്പനികള്‍ പങ്കെടുത്ത മേളയില്‍ പതിനായിരക്കണക്കിന് യുവാക്കള്‍ക്കാണ് തൊഴിലവസരങ്ങള്‍ തുറന്നുകിട്ടുക. ഇവര്‍ക്ക് അഞ്ഞൂറിലധികം ട്രേഡുകളില്‍നിന്ന് ആഗ്രഹിക്കുന്നവ തെരഞ്ഞെടുക്കാം. കമ്പനികള്‍ക്കാണെങ്കില്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍നിന്ന് ആവശ്യമുള്ളത്ര താല്‍പ്പര്യവും അഭിരുചിയുമുള്ള തൊഴിലന്വേഷകരെ ലഭിക്കുമെന്നത് മേളയുടെ സവിശേഷതയാണ്. തുടര്‍ച്ചയായി അപ്രന്റീസ് മേള സംഘടിപ്പിക്കുന്നതും, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്റ്റൈപ്പന്റ് ഓണ്‍ലൈനായി ലഭിക്കുന്നതും വലിയ ആകര്‍ഷണമാണ്. ഇതിനു പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ദേശീയ തലത്തില്‍ സംഘടിപ്പിച്ച മുന്‍ അപ്രന്റീസ് മേളയില്‍ രണ്ട് ലക്ഷത്തോളം വരുന്ന അപേക്ഷകരില്‍നിന്ന് മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് അവസരം നല്‍കിയത് ഈ രീതിയുടെ വിജയമാണ് കാണിക്കുന്നത്. വലിയൊരു വിഭാഗം യുവാക്കളുടെ ജീവിതത്തില്‍തന്നെ ഗുണകരമായ മാറ്റം വരുത്താന്‍ ഇതിലൂടെ കഴിയുമെന്നതില്‍ സംശയമില്ല.
ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് ഭാരതം. നമ്മുടെ ജനസംഖ്യയില്‍ അന്‍പത് ശതമാനത്തിലധികം 25 വയസ്സിന് താഴെയുള്ളവരും, അറുപത്തിയഞ്ച് ശതമാനത്തിലധികം 35 വയസ്സിന് താഴെയുള്ളവരുമാണ്. ഇവരെ നൈപുണ്യമുള്ളവരാക്കി തൊഴില്‍ മേഖലകളിലേക്ക് നിയോഗിക്കാന്‍ കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന സാമ്പത്തികപുരോഗതി വളരെ വലുതായിരിക്കും. എന്നാല്‍ ജനസംഖ്യയുടെ ഈ യുവത്വത്തെ സാമ്പത്തിക വളര്‍ച്ചയുമായി ഘടിപ്പിക്കാന്‍ നമുക്ക് കഴിയാറില്ല. ഭാരതം ലോകത്തില്‍ വച്ചു തന്നെ ഏറ്റവും ‘പ്രായംകുറഞ്ഞ’ രാജ്യമായിരുന്നിട്ടും നൈപുണ്യമുള്ള തൊഴിലാളികള്‍ വെറും രണ്ട് ശതമാനമാണ്. അമേരിക്ക, ചൈന, ജര്‍മനി എന്നിങ്ങനെയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ അനുപാതമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുകയും, ബൗദ്ധിക വികാസം കൈവരിക്കുകയും ചെയ്യുമ്പോഴും ഇതിനൊത്ത് തൊഴില്‍ നൈപുണ്യം നേടാന്‍ നമുക്ക് കഴിയുന്നില്ലെന്നു മാത്രമല്ല, ഇക്കാര്യത്തില്‍ വളരെ പിന്നാക്കവുമാണ്. ഇന്നത്തെ ലോകത്ത് ശക്തമായ സമ്പദ്വ്യവസ്ഥ ഉയര്‍ന്നുവരണമെങ്കില്‍ തൊഴില്‍ നൈപുണ്യവും കാര്യക്ഷമതയും കൂടിയേ തീരൂ. ഇവിടെയാണ് ദേശീയ അപ്രന്റീസ്ഷിപ്പ് മേളയുടെ പ്രസക്തി. ഇത് തിരിച്ചറിയാന്‍ പുതുതലമുറയിലെ യുവതീയുവാക്കള്‍ക്ക് കഴിയുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്.
ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ടനുസരിച്ച് അടുത്ത വര്‍ഷം ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഭാരതം ഒന്നാമതാകും. ഇത് വലിയ ഒരു വെല്ലുവിളിയാണ് ഉയര്‍ത്താന്‍ പോകുന്നത്. ജനസംഖ്യയിലെ ഈ വര്‍ധനവ് രാജ്യത്തിന്റെ വികസനത്തെ താളംതെറ്റിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഭാരതത്തിന്റെ മുന്നേറ്റത്തിന് പ്രതിബന്ധം സൃഷ്ടിക്കും. അഭ്യസ്തവിദ്യര്‍ക്ക് അഭിരുചിക്കനുസരിച്ച് തൊഴില്‍ നല്കാന് കഴിയണം. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ സമ്പ്രദായം അവര്‍ക്കാവശ്യമായ സേവകന്മാരെ സൃഷ്ടിക്കുന്നതാണെന്നും, അത് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും, ഈ രീതി മാറ്റുകയാണ് പുതിയ വിദ്യാഭ്യാസനയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി അടുത്തിടെ പ്രസ്താവിക്കുകയുണ്ടായല്ലോ. തൊഴില്‍ എന്നാല്‍ സര്‍ക്കാരുദ്യോഗം മാത്രമാണെന്ന സങ്കല്‍പ്പം തന്നെ മാറേണ്ടതുണ്ട്. നരേന്ദ്രമോദി മുന്നോട്ടുവച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ അവിഭാജ്യഘടകങ്ങളിലൊന്നാണ് യുവാക്കളുടെ നൈപുണ്യ വികാസം. കേന്ദ്ര സര്‍ക്കാരിന്റെ കൗശല്‍ വികാസ് യോജനയിലൂടെ ഒന്നരക്കോടിയിലധികം യുവാക്കളെ ഇതിനോടകം പരിശീലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച അഗ്നിവീര്‍ പദ്ധതി നമ്മുടെ യുവാക്കളില്‍ നിറച്ചിരിക്കുന്ന ആവേശം എത്ര ശക്തമാണെന്നതിന് തെളിവാണ് സായുധസേനകളുടെ ഭാഗമാകാന്‍ അവര്‍ കാണിക്കുന്ന താല്‍പ്പര്യം. തീര്‍ച്ചയായും ഇവയിലൂടെയൊക്കെ പുതിയൊരു ഭാരതം ഉയര്‍ന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: