ന്യൂദല്‍ഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ഹരിദ്വാറിലും കേസ്. ഹരിദ്വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് കേസ് ഫയല്‍ ചെയ്തത്.
ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി വിക്രം സിങ് റാത്തോഡാണ് കങ്കാല് പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295ാം വകുപ്പ് പ്രകാരമാണ് കേസ്.
കാളി എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായികയുമായ ലീന മണിമേഖല, അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആശ പൊന്നച്ചന്, മറ്റ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. ആഗ ഖാന് മ്യൂസിയത്തില്‍ റിതംസ് ഓഫ് കാനഡ എന്ന പരിപാടിയുടെ ഭാഗമായാണ് കാളി എന്ന് ഡോക്യുമെന്ററി എത്തിയത്. ഈ ചിത്രത്തിന്റെ പോസ്റ്ററില്‍ സിഗരറ്റ് വലിക്കുന്ന കാളിയുടെ ചിത്രം ഉപയോഗിച്ചതാണ് ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ ലീന മണിമേഖല ഒന്നിനു പുറകെ ഒന്നായി തന്റെ ഭാഗം ന്യായീകരിച്ച് വീണ്ടും വീണ്ടും ട്വീറ്റുകള്‍ പങ്കുവെച്ചത് കൂടുതല്‍ പ്രകോപനമുണ്ടാക്കി. ശിവനും പാര്‍വ്വതിയും ബീഡി വലിക്കുന്ന ചിത്രം ലീന മണിമേഖല പങ്കുവെച്ചതും പ്രകോപനമുണ്ടാക്കി. ഇതിന് ശേഷം മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ലീന മണിമേഖലയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍ തുടര്‍ച്ചയായി മതവികാരം വ്രണപ്പെടുത്തുന്നതായി കാണിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
മധ്യപ്രദേശില്‍ അന്നപൂര്‍ണ്ണ പൊലീസ് സ്റ്റേഷനും മതവികാരം വ്രണപ്പെടുത്തിയതിന് ലീന മണിമേഖലയ്ക്കെതിരെ കേസെടുത്തു. തനു ശര്‍മ്മ നല്കിയ പരാതിയിലാണ് ഈ കേസ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ നിര്‍ദേശപ്രകാരം ഭോപ്പാല്‍ ക്രൈം ബ്രാഞ്ചിലും ലീന മണിമേഖലയ്ക്കെതിരെ കേസുണ്ട്. മധ്യപ്രദേശിലെ രത്ലാം പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
ഇതിനിടെ ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന കാളി എന്ന ഡോക്യൂമെന്ററി ചിത്രവുമായി സഹകരിച്ചതിന്റെ പേരില്‍ ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി മാപ്പ് പറഞ്ഞു. ആഗാ ഖാന് മ്യൂസിയവും മാപ്പ് പറയുകയും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ജൂലായ് ആറിന് ഇവിടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നില്ല.
ഇതിനിടെ ലീന മണിമേഖലയെ ന്യായീകരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: