ന്യൂദല്‍ഹി : കടുത്ത സാമ്പത്തിക പ്രശ്നങ്ങളില്‍ വലയുന്ന ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മാനുഷിക സഹായങ്ങള്‍ ആവശ്യമെങ്കില്‍ അത് ലഭ്യമാക്കും. ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജിവെച്ചൊഴിയണമെന്ന് ആശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം ജനക്കൂട്ടം കൈയടക്കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് പ്രസിഡന്റ് ഗോതാബായ രാജപക്സെയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. തുടര്‍ന്ന് ഗോതാബയ രജപക്സെ ബുധനാഴ്ച്ച രാജിവയ്ക്കുമെന്ന് അറിയിച്ചെങ്കിലും ജനങ്ങളുടെ രോഷ പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഗോതബായ രാജി വച്ചാല്‍ സ്പീക്കര്‍ അബെയവര്‍ധനയ്ക്കാവും താത്കാലിക ചുമതല. പ്രസിഡന്റിന്റെ ചുമതല സ്പീക്കര്‍ പരമാവധി 30 ദിവസം വഹിക്കും. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സര്‍ക്കാര്‍ അധികാരമേല്‍ക്കും.
രാജ്യത്തെ സമാധാനം നിലനിര്‍ത്താന്‍ പൊതുജനം സഹകരിക്കണമെന്ന് സൈന്യവും അഭ്യര്‍ത്ഥിച്ചു. സ്ഥാനത്ത് തുടരും വരെ ഗോതാബയക്ക് സംരക്ഷണം നല്‍കുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.
അതിനിടെ നിലവിലെ ശ്രീലങ്കന്‍ പ്രശ്നങ്ങളില്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി. അഭയാര്‍ത്ഥി പ്രവാഹത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വലിയ തോതില്‍ അഭയാര്‍ത്ഥികളെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്ന് ധാരാളം അഭയാര്‍ത്ഥികള്‍ ഇന്ത്യ ലക്ഷ്യമാക്കി എത്തിയേക്കും. തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ഇവര്‍ എത്തുമെന്നാണ് കരുതുന്നത്. രാമേശ്വരത്തുള്പ്പെടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: