മഹാകവി കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ എന്ന കാവ്യം പ്രസിദ്ധീകരിച്ചിട്ട് നൂറുവര്‍ഷമാകുന്നു. കുമാരനാശാന് 1873 ഏപ്രില്‍ 12 നാണ് ജനിച്ചത്, 1924 ജനുവരി 16ന് അമ്പതാം വയസില്‍ ബോട്ടപകടത്തില്‍ മരിച്ചു. സാമൂഹിക പരിഷ്കര്‍ത്താവ്, ആത്മീയ സാധകന്, കവി, രാഷ്ട്രീയ പ്രവര്ത്തകന് എന്നിങ്ങനെ വിവിധ മേഖലകളില്‍ കുറഞ്ഞ കാലംകൊണ്ട് ആശാന് നടത്തിയ കര്‍മ്മങ്ങള്‍ വിശാലമാണ്. ശ്രീനാരായണഗുരുവിനെപ്പോലെ ആത്മോന്നതിയും സാമൂഹ്യവീക്ഷണവും സംഘബോധവും ജ്ഞാന-വിജ്ഞാന വൈഭവവും ഉള്ള ആചാര്യന്റെ ശിഷ്യനായ ‘ആശാന്’ മലയാളത്തിലെ ആധുനിക കവിത്രയത്തില്‍, കവിതയിലൂടെ സാമൂഹ്യവിപ്ലവത്തിന് പ്രത്യക്ഷവും പരോക്ഷവുമായ സന്ദേശങ്ങള്‍ നല്കിയ പ്രമുഖനാണ്.
ആശാനെ, ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് സാഹിത്യ വിമര്ശകന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്. രാഷ്ട്രീയ നിലപാടുകളില്‍ കമ്യൂണിസ്റ്റ് പക്ഷത്തായിരുന്ന, സാഹിത്യവാദത്തില് കല പ്രചരണത്തിനുവേണ്ടിയെന്ന ഭാഗത്തായിരുന്ന മുണ്ടശ്ശേരി അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ആദ്യസര്ക്കാരുണ്ടാക്കിയപ്പോള് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ആശാനെ ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്ര’മായി മുണ്ടശ്ശേരി വിശേഷിപ്പിക്കാന്‍ കാരണമായ മൂന്ന് കാവ്യരചനകളില്‍ ഒന്ന് ‘ദുരവസ്ഥ’യും മറ്റു രണ്ടെണ്ണം ‘ചണ്ഡാലഭിക്ഷുകി’യും ‘ചിന്താവിഷ്ടമായ സീത’യുമാണ്. ദുരവസ്ഥയില്‍ മാപ്പിളക്കലാപകാലത്ത് പുലയക്കുടിയില്‍ അഭയം തേടിയ നമ്പൂതിരി യുവതിയെയുടെ കഥ ഇതിവൃത്തമാക്കിയതിനാണ് കമ്യൂണിസ്റ്റുകാരനായ നിരൂപകന്റെ പ്രശംസയ്ക്കിടയാക്കിയത്. ചണ്ഡാലഭിക്ഷുകിയില്‍ ശ്രൂദ്രജാതിയില്പ്പെട്ട ‘മാതംഗി’ ബുദ്ധഭിക്ഷുണിയാകുന്ന വിപ്ലവത്തിന്റെ പേരിലായിരുന്നു. മൂന്നാമത്തേത് രാമായണത്തിലെ ധര്‍മപത്നിയായ സീത, ശ്രീരാമനെ ചോദ്യംചെയ്ത് വിരല്‍ചൂണ്ടി സംസാരിച്ച, ധീരതയുടെ പേരില്‍.
മൂന്നും, ആശാന് ജനിച്ചു ജീവിച്ച കാലത്ത്, ആശാന്റെ സമുദായ സാഹചര്യങ്ങളില്‍ തികച്ചും സങ്കല്പാതീതമായിരുന്നു. ”തൊട്ടുകൂടാത്തവര്‍, തീണ്ടികൂടാത്തവര്‍, ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളോര്‍, കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ ഒട്ടല്ലഹോ ജാതിക്കോമരങ്ങള്‍” എന്ന് ആശാന് തന്നെ വിവരിച്ച സാമൂഹ്യസ്ഥിതിയുടെ കാലമായിരുന്നല്ലോ അത്. സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക അടിമത്തത്തിന്റെ കാലം, സവര്ണരെന്നൊരു ആഢ്യവര്ഗത്തിനെ മറയാക്കി, ചിലര്‍ അവര്ണരെന്നൊരു വിഭാഗത്തെ വേര്‍തിരിച്ചുനിര്‍ത്തി അക്രമങ്ങള്‍ (ശാരീരിക പീഡനങ്ങളല്ല, എല്ലാത്തരം ക്രമക്കേടുകളും അക്രമമാണ്. അക്രമവും ആക്രമണവും രണ്ടാണ്) നടത്തിയിരുന്ന കാലം!
ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ഒരേ വര്‍ഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്, 1922ല്‍. ‘ദുരവസ്ഥ’യുടെ ഇതിവൃത്തം, മുണ്ടശ്ശേരി കണ്ടതില്‍നിന്ന് വ്യത്യസ്തമായി, ആ കാലത്തെ യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്കാരമെന്ന നിലയില്‍ വിലയിരുത്തിയപ്പോള്‍, 1921 ല്‍, ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. 1921 ല്‍ കേരളത്തില്‍, ദക്ഷിണേന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഹിന്ദു വംശഹത്യയായ മാപ്പിളക്കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ആശാന് കവിത രചിച്ചത്. ഒരു പക്ഷേ, മുഴുവന്‍ കല്പനയല്ലാത്ത, നടന്ന സംഭവത്തെ അതേപടി ആവിഷ്കരിച്ച, ആശാന് കവിതകളിലെ വേറിട്ടുനില്‍ക്കുന്ന ഇതിവൃത്തം. മാപ്പിളക്കലാപത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കാന്‍ ചിലരും അനുസ്മരിപ്പിക്കാന്‍ ഒരു വിഭാഗവും ഒരുങ്ങിയതോടെ ‘ദുരവസ്ഥ’യും ആശാനും ചര്‍ച്ചയായി. എന്നാല്‍ ആശാനെന്ന ‘ശുക്രനക്ഷത്ര’ത്തെ, മാപ്പിളക്കലാപം വിഷയമാക്കിയതും, ശ്രീനാരായണഗുരുദേവ ദര്‍ശനങ്ങള്‍ ആവിഷ്കരിച്ചതുകൊണ്ട്, മുണ്ടശ്ശേരിക്കിപ്പുറം കമ്യൂണിസ്റ്റുകാരും മാര്‍ക്സിയന്‍ സാഹിത്യപക്ഷപാതികളും തമസ്കരിക്കാന്‍ മത്സരിച്ചിരുന്നു. ‘ദുരവസ്ഥ’യിലെ ആശാന്റെ കവിതാഭാഗങ്ങളില്‍ മത വര്‍ഗീയ ചേരിതിരിവിനുള്ള സാധ്യതകള്‍ കണ്ട്, കമ്യൂണിസ്റ്റുകള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചു.
‘ചണ്ഡാലഭിക്ഷുകി’യും 1922 ലാണ് പുറത്തുവന്നത്; നൂറുവര്‍ഷം മുമ്പ്. കുമാരനാശാന്റെ പാശ്ചാത്യ സാഹിത്യത്തോടുള്ള ബന്ധവും പരന്ന വായനയും, അദ്ദേഹം ആര്‍ജിച്ച ഭാരതീയ സാഹിത്യ-സാംസ്കാരിക-ആധ്യാത്മിക വിജ്ഞാനത്തിന് കരുത്തുകൂട്ടി. പാശ്ചാത്യ സാഹിത്യലോകത്ത് എഴുതപ്പെട്ട രചനകള്‍ ആശാനെ സ്വാധീനിച്ചു. സാഹിത്യത്തില്‍ രൂപപരമായും ഉള്ളടക്കത്തിലും ആശാന് അക്കാലത്ത് നൂതനമായ പലതും ആവിഷ്കരിച്ചു. ഇംഗ്ലീഷ് രചനകള്‍ ധാരാളം വായിക്കുമായിരുന്ന ആശാന്, ഫിസിക്സ് പ്രൊഫസറായിരുന്ന, ബുദ്ധമത ദര്‍ശനങ്ങളില്‍ പണ്ഡിതനായിരുന്ന, സാമൂഹ്യപരിവര്ത്താവായിരുന്ന ലക്ഷ്മീനരാസു വോക്ല എഴുതിയ, ‘ദ് എസ്സന്‍സ് ഓഫ് ബുദ്ധിസം’ എന്ന കൃതിയില്‍നിന്നുള്ള ഒരു കഥയാണ് ‘ചണ്ഡാലഭിക്ഷുകി’യായത്. ചണ്ഡാളകുലത്തില്പ്പെട്ട ‘മാതംഗി’യില്നിന്ന്, അവള് കിണറ്റില്‍നിന്ന് വെള്ളമെടുക്കവേ, ദാഹിച്ചു വലഞ്ഞ് വഴിപോക്കനായ ‘ബുദ്ധഭിക്ഷു’ വെള്ളം ചോദിക്കുന്നതും കൈക്കുമ്പിളില്‍ വാങ്ങിക്കുടിക്കുന്നതും മാതംഗി ബുദ്ധഭിക്ഷുവില്‍ ആകൃഷ്ടയായി ആശ്രമം തേടിപ്പോകുന്നതും അവിടെ അന്തേവാസിയാകുന്നതും അത് പ്രദേശത്തെ സാമൂഹിക-സാമുദായിക വിഷയമാകുന്നതും അത് അന്വേഷിച്ചു ചെല്ലുന്ന രാജാവിനെ, ഭരണാധികാരിയെ ബുദ്ധസന്ന്യാസി, തത്ത്വോപദേശം ചെയ്ത് മനസ്സ് വലുതാക്കുന്നതും ജാതിയും മതവും വര്‍ണവും വര്‍ഗവും സ്നേഹത്തിന് മുന്നില്‍ ഇല്ലാതാകുമെന്നും മനുഷ്യത്വമാണ് വലുതെന്ന് തത്ത്വം പഠിക്കുന്നതുമാണ് ഏറെ ചുരുക്കിപ്പറഞ്ഞാല്‍ ചണ്ഡാലഭിക്ഷുകിയുടെ കഥ.
”സ്നേഹത്തില്‍നിന്നുദിക്കുന്നൂ- ലോകം
സ്നേഹത്താല്‍ വൃദ്ധി നേടുന്നു
സ്നേഹം താന്‍ ശക്തി ജഗത്തില്‍-സ്വയം
സ്നേഹം താന്‍ ആനന്ദമാര്‍ക്കും
സ്നേഹം താന്‍ ജീവിതം ശ്രീമന്‍-സ്നേഹ-
വ്യാപ്തി തന്നെ മരണം’ എന്ന് ആശാന്റെ വാക്കുകളില്‍ വരുന്ന ബുദ്ധദര്‍ശനം വിപ്ലവസന്ദേശംതന്നെയാണ്. പക്ഷേ, ആശാനെയും ചണ്ഡാലഭിക്ഷുകിയേയും ആഘോഷിക്കാന്‍ പലരും തയ്യാറാകുന്നില്ല, അത് സാംസ്കാരിക കേരളത്തിന്റെ മരണമാണ്.
ചണ്ഡാലഭിക്ഷുകി പോലുള്ള സാഹിത്യസര്ഗ പ്രക്രിയയുള്‍പ്പെടെ ഭാരതത്തില്‍ ആദ്യകാലത്തു നടന്ന സാമൂഹ്യപരിഷ്കരണ യജ്ഞങ്ങള്‍ ചിലതിന് കേരളത്തില്‍ തുടക്കംകുറിച്ചിട്ടുണ്ട്. ”ചണ്ഡാലോസ്തു സദുദ്വിജോസ്തു ഗുരുരിത്യേഷാ മനീഷ മമഃ” എന്ന് ചണ്ഡാലനും ബ്രഹ്മജ്ഞാനിയും എനിക്ക് ഗുരുവാണ് എന്ന് സ്തുതിച്ചു പാടിയ ആദിശങ്കരാചാര്യര്‍ കേരളക്കാരനായിരുന്നല്ലോ. നമുക്ക് ജാതിയല്ല മുഖ്യം അതിനപ്പുറം മനുഷ്യനുണ്ട് എന്ന് തിരിച്ചറിഞ്ഞ്, അറിയിച്ച ശ്രീനാരായണഗുരുവിന്റെ കാലത്തിനും എത്രയോ നൂറ്റാണ്ടു മുമ്പ് ആ ദര്‍ശനം നമുക്കുണ്ടായിരുന്നുവെന്നര്ത്ഥം. ചില രാഷ്ട്രീയകക്ഷികള്‍ കുപ്രചരണം നടത്തുന്നതുപോലെ അവരുടെ വൈദേശികാശയമാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതെന്നതുപോലുള്ള ‘ശുംഭ’ത്തരങ്ങള് കൊട്ടിഘോഷിക്കാത്തതിനാല് അനാദിയായ ഋഷിപരമ്പര പറഞ്ഞും പ്രചരിപ്പിച്ചും പോന്ന ദര്‍ശനങ്ങള്‍, അത് മോഷ്ടിച്ചെടുത്തവരുടെ സ്വത്തായി മാറി. അത് വേറെ ചിന്താവിഷയം. ചണ്ഡാലഭിക്ഷുകിയുടെ നൂറാം വര്‍ഷം കേരളത്തിലും ഭാരതത്തിലും സംഭവിക്കുന്ന ചിലത് പറയാനാണ് ഇനി ശ്രമിക്കുന്നത്. ശ്രീബുദ്ധന് സ്നേഹം പറഞ്ഞു. ‘സ്നേഹബോധി’യില്‍ നിര്‍മിച്ച് ബുദ്ധന്റെ പ്രതിമയും ചുമര്ശില്പവും സ്ഥാപിച്ചിടത്ത് കെ.എന്‍.എ. ഖാദര്‍ പോയപ്പോള്‍ സാംസ്കാരിക കേരളവും രാഷ്ട്രീയ കേരളവും ആക്രോശിച്ചു. ബുദ്ധന്റെ സ്നേഹം ചണ്ഡാലഭിക്ഷുകിയെ മാത്രമല്ല, സമകാലത്തേയും സ്വാധീനിക്കുകയും ഉന്നതി വൈരിക്കുകയും ചെയ്യുന്നത് തടയാനുള്ള മനസ്സാവാം ആ എതിര്‍പ്പിന് കാരണം. അത് സംഘപരിവാര്‍ പ്രസ്ഥാനത്തിലൂടെയാവുമ്പോള് ആ സഹിഷ്ണുത വര്‍ധിക്കുന്നുവെന്നത് മറ്റൊരു കാരണം.
എന്നാല്‍ കോഴിക്കോട്ട്, രാഷ്ട്രീയസ്വയംസേവക സംഘം പ്രവര്‍ത്തനത്തിന് ബീജാവാപം നടന്ന പ്രദേശത്ത്, ബുദ്ധനേയും ദശാവതാരത്തില്‍ ചേര്‍ത്ത ഒരു സംസ്കാരത്തിന്റെ തുടര്‍ച്ചക്ക് എതിര്‍പ്പുകള്‍, വെല്ലുവിളികള്‍ അവസരങ്ങളാണ്. അതുകൊണ്ടാണ്, ആ പ്രസ്ഥാനം തുടക്കം മുതലേ അത്തരം സാംസ്കാരിക ഭാവനയും അതിന്റെ നടപ്പിലാക്കലും അഭംഗുരം തുടരുന്നത്. 2021 ഫെബ്രുവരി 19 ന് കേരളത്തിലുള്‍പ്പെടെ രാജ്യത്ത്, സ്മാര്‍ട്ട് സിറ്റി എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വിവിധ വികസന പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ ചൊല്ലിയത്. മോദി പാടി- ”ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ.” മോദി വിശദീകരിച്ചു. ”ജാതി, മത, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ലാത്ത വികസനമാണ് പ്രധാനം. രാജ്യത്തിന്റെ ആവശ്യവും അതാണ്.” ആര്‍എസ്എസുകാരനായ പ്രധാനമന്ത്രി തന്നെയാണ്, ഭാരതത്തിന്റെ അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയായി, ഒഡീഷയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട സന്താള്‍ വംശത്തില്‍നിന്ന് ദ്രൗപദീ മുര്‍മൂ എന്ന വനിതയെ കണ്ടെത്തിയത്. ജാതിയും മതവുമല്ല, ആ പരിഗണന പാടില്ല എന്ന് ആവര്‍ത്തിക്കുകയും അനുനുമിഷം ജാതി-മത അടിസ്ഥാനത്തില്‍ അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തുന്നവരും പക്ഷേ ദ്രൗപദീ മുര്‍മൂവിന്റെ കാര്യത്തില്‍, ആ വനിതക്കെതിരെയാണെന്നതാണ് പ്രതിവിപ്ലവം. ചണ്ഡാലഭിക്ഷുകി എഴുതിയപ്പോള്‍ ‘ശുക്രനക്ഷത്രമായി’ കുമാരനാശാന്, കുറച്ചുകാലത്തേക്കെങ്കിലും. അതിനുശേഷം മത്സരിച്ച് ജാതിയെ സ്ഥായീകരിച്ച രാഷ്ട്രിയ ്രപവര്‍ത്തനമാണ് കേരളത്തിലും, സ്വയം പുരോഗമനക്കാര്‍ എന്ന് പറയുന്ന കമ്യൂണിസറ്റ് പാര്‍ട്ടിയും. പക്ഷേ, മുര്‍മൂവിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് പിന്തുണയ്ക്കണമെന്നു പറയാന്‍ കേരളത്തിലെ 140 എംഎല്‍എമാരും 20 എംപിമാരും തയ്യാറാകുന്നില്ല എന്നിടത്താണ് ‘വിപ്ലവ’ത്തിന്റെ കാപട്യം പ്രകടമാകുന്നത്. അവര്‍ ചണ്ഡാലഭിക്ഷുകിയിലെ ഭിക്ഷുവിനെക്കൊണ്ട് ആശാന് പാടിച്ചത് തിരുത്തിപ്പാടുകയാണ്. ‘ജാതി ചോദിക്കുന്നുണ്ട് ഞാന്‍ സോദരീ…”
പിന്കുറിപ്പ്: കസേര പോയ മന്ത്രി സജി ചെറിയാന് ചോദ്യംചെയ്തത് ഭരണഘടനയെ അല്ല. പിന്നാക്കവിഭാഗത്തില്‍നിന്ന് വിദ്യാസമ്പന്നനായ ഡോ. അംബേദ്കറുടെ വ്യക്തിത്വത്തെയാണ്. ഭരണഘടനയുടെ ആമുഖത്തിലെ വശങ്ങളില് കോറിയിട്ടിരിക്കുന്ന ഭാരത സാംസ്കാരിക ചിഹ്നങ്ങളെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: