കണ്ണൂര്‍ : തൊഴിലാളി യൂണിയനുകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തില്‍ നിന്നും സിഐടിയു വിട്ടുനിന്നു. കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ട്രേഡ് യൂണിയനാണെന്ന വിധത്തില്‍ ആന്റണി രാജു നിരവധി തവണ പ്രസ്താവന നടത്തിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷ തൊഴിലാളി യൂണിയനായ സിഐടിയു ചടങ്ങ് ബഹിഷ്കരിച്ചത്. ഒപ്പം ഐഎന്‍ടിയുസിയും വിട്ടു നിന്നു.
കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് മാനേജ്മെന്റാണ്. ഈ തീരുമാനങ്ങളെല്ലാം തെറ്റായത് കൊണ്ടാണ് തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. എന്നാല്‍ തകര്ച്ചയുടെയെല്ലാം ഉത്തരവാദിത്വം യൂണിയനുകളുടെ മേല്‍ കെട്ടിവെക്കുന്നു. അതിനാല്‍ ചടങ്ങ് പൂര്‍ണ്ണമായും ബഹിഷ്കരിക്കുകയാണെന്നും സിഐടിയു നേതാക്കള്‍ അറിയിച്ചു.
അതേസമയം ഇന്ധന വില വര്‍ധനവ് ഉണ്ടായിരുന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസി ലാഭത്തിലാകുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പരിമിതികള്‍ക്കിടയിലും കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണം നടപ്പിലാക്കി. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ തന്നെ ഭാഗമാണ്. വായ്പ ലഭ്യമാക്കാനുള്ള ഒരു സംവിധാനമായാണ് സ്വിഫ്റ്റ് സ്ഥാപിച്ചത്.
കെഎസ്ആര്‍ടിസിക്കായി സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കും. ഇത് ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനമാണെന്നും അതിന് ആരെങ്കിലും തടസം നിന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ചടങ്ങിനിടെ ഗതാഗത മന്ത്രി പറഞ്ഞു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യമാണ് സിംഗിള്‍ ഡ്യൂട്ടി കൊണ്ടു വരിക എന്നത്. അങ്ങനെ വരുമ്പോള്‍ ഇന്നുള്ള രീതിയില്‍ ചില മാറ്റങ്ങളുണ്ടാകും. ഇത് കെഎസ്ആര്‍ടിസിയുടെ വരുമാനം കൂട്ടാന്‍ സഹായിക്കും. റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ മാനേജ്മെന്റിന് നല്‍കിയിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: