ശ്രീനഗർ: അമർനാഥില്‍ വെള്ളിയാഴ്ചയുണ്ടായ മേഘവിസ്ഥോടന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. കാണാതായ 40ഓളം പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. അമര്‍നാത് ഗുഹയ്ക്ക് താഴെയുള്ള പ്രദേശത്താണ് ദുരന്തമുണ്ടായത്.
കനത്ത മഴയില്‍ പ്രദേശമാകെ വെള്ളത്തിനടിയിലായി. പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തില്‍ ടെന്‍റുകളും യാത്രികര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന സാമുദായിക കിച്ചന്‍ ആയി പ്രവര്‍ത്തിക്കുന്ന ടെന്‍റുകളും ഒലിച്ചുപോയി. താല്‍ക്കാലികമായി അമര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. കരസേനയുടെ പത്തോളം സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. വ്യോമസേനയും രംഗത്തുണ്ട്. എന്‍ഡിആര്‍എഫ്, എസ് ഡിആര്‍എഫ്, ബിഎസ് എഫ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.
ദുരന്തത്തിൽപ്പെട്ട എല്ലാ തീർത്ഥാടകർക്കും ബന്ധുക്കൾക്കും എല്ലാ സഹായവും നൽകുമെന്ന് അമിത് ഷാ പറഞ്ഞു. സുരക്ഷാ സൈനികർക്ക് വേണ്ട എല്ലാ സഹായവും എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ജമ്മുകശ്മീർ ലഫ്.ജനറൽ മനോജ് സിൻഹ പറഞ്ഞു.
ഇന്ത്യയുടെ തീർത്ഥാടന മേഖലയിലെ സുപ്രധാനമായ അമർനാഥിലെ ദുരന്തത്തിൽ ഏറെ ദു:ഖിതാനാണെന്നും പ്രകൃതിയുടെ രൂക്ഷതിയിൽ ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിയ്‌ക്കായി പ്രാർത്ഥിക്കുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചു.
അമർനാഥിലെ ഗുഹാ ക്ഷേത്ര തീർത്ഥാടനം നടക്കുന്നത് 13500 അടി ഉയരത്തിലാണ്. പൊടുന്നനെയുണ്ടായ മേഘവിസ്ഥോടനവും തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലും 15 മിനിറ്റുനേരത്തേയ്‌ക്ക് മാത്രമാണ് നീണ്ടുനിന്നത്. ഹിമാലയൻ മലനിരയിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് വരുന്ന വഴിയിലുണ്ടായിരുന്ന ടെന്റുകളിലെ ചിലരാണ് ഒലിച്ചുപോയത്. തീർത്ഥാടകർക്കായി ഭക്ഷണം ഒരുക്കുന്ന പന്തലും അതിന് സമീപത്തുള്ള പന്തലുമാണ് ദുരന്തത്തിൽപ്പെട്ടതെന്നാണ് സൈനികർ നൽകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: