സതീഷ് കരുംകുളം
പൂവാര്‍: സിപിഎം ഭരിക്കുന്ന പൂവാര്‍ പഞ്ചായത്തില്‍ അയല്‍ക്കൂട്ടത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണം തട്ടിയെടുത്ത് വിറ്റതായി പരാതി. പൂവാര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡായ ശൂലംകുടി പാണംവിളയില്‍ പ്രവര്‍ത്തിക്കുന്ന അഭയ എന്ന എസ് സി അയല്‍ക്കൂട്ടത്തിന് നറുക്കെടുപ്പിലൂടെ ലഭിച്ച സ്വര്‍ണമാണ് പൂവാര്‍ പഞ്ചായത്തിലെ കുടുംബശ്രീ ഉദ്യേഗസ്ഥര്‍ വിറ്റ് കാശ് തട്ടിയെടുത്തതായി ആക്ഷേപമുയര്‍ന്നത്.
കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ സരസ് മേളയില്‍ നടന്ന നറുക്കെടുപ്പില്‍ അയല്‍ക്കൂട്ടത്തിന് മൂന്നാംസമ്മാനമായി ലഭിച്ച അരപ്പവന്റെ കോയിനാണ് വിറ്റ് കാശ് തട്ടിയെടുത്തത്. കൊവിഡ് കാരണം രണ്ടുവര്‍ഷമായി നടക്കാതിരുന്ന മേളയാണ് കഴിഞ്ഞ മാര്‍ച്ച്ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം കനകകുന്നില്‍ സംഘടിപ്പിച്ചത്. പത്തുദിവസത്തിലധികം നീണ്ടുനിന്ന പരിപാടിയുടെ ഭാഗമായി 250രൂപയുടെ സമ്മാനകൂപ്പണ്‍ സര്‍ക്കാര്‍ പുറത്തിറക്കി. അയല്‍ക്കൂട്ടത്തിന് ഒരു ടിക്കറ്റ് എന്ന നിലയിലാണ് ഇവ വിറ്റഴിച്ചത്.
എന്നാല്‍ നറുക്കെടുപ്പില്‍ മൂന്നാം സമ്മാനമായി നേടിയ സ്വര്‍ണത്തെ കുറിച്ചുള്ള വിവരം മാസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അടക്കമുള്ള ഉദ്യോസ്ഥര്‍ പുറത്തുവിട്ടില്ല. ഇതിനിടയില്‍ അയല്‍ക്കൂട്ടം ഭാരവാഹികളെ വിളിച്ച് ടിക്കറ്റ് നമ്പര്‍ അന്വേഷിച്ച പഞ്ചായത്തിലെ കൂടുംബശ്രീ ഉദ്യോഗസ്ഥര്‍ സമ്മാനമായി അയ്യായിരം രൂപയുടെ മൊബൈല്‍ഫോണ്‍ ലഭിച്ചെന്ന് അറിയിച്ചു. ലഭിച്ച ഫോണ്‍ എവിടെയെന്ന അയല്‍ക്കൂട്ട അംഗങ്ങളുടെ ചോദ്യത്തിന് ഓഫീസില്‍ സൂക്ഷിക്കുമെന്ന മറുപടിയാണ് കുടുംബശ്രീ ഉദ്യോഗസ്ഥര്‍ നല്‍കിയത്.
പഞ്ചായത്തില്‍ ആരംഭിക്കുന്ന ജനകീയഭക്ഷണശാലയെ കുറിച്ച് കഴിഞ്ഞദിവസം കുടുംബശ്രീയും പഞ്ചായത്ത് കമ്മറ്റി അംഗങ്ങളും ഉള്‍പ്പെട്ട അവലോകനയോഗത്തിലാണ് അയല്‍ക്കൂട്ടത്തിന് അരപ്പവന്‍ സമ്മാനം ലഭിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൂവാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അയല്‍ക്കൂട്ടം പ്രസിഡന്റ് കുമാരി സ്വപ്ന, സെക്രട്ടറി ശോഭന എന്നിവര്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: