കേരളത്തിന്റെ പി.ടി. ഉഷ ഭാരതത്തിന്റെ പാര്‍ലമെന്റ് അംഗമാകുന്നു. കേരളത്തില്‍ നിന്നു രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യവനിതയും കായികതാരവുമാണ് ഈ പയ്യോളിക്കാരി. ഇന്ത്യയെ പൊന്നണിയിച്ച് ഉയരങ്ങളിലേയ്ക്കു കൊണ്ടുപോയത് ഉഷയുടെ പറക്കുന്ന കാലുകളാണ്. ഇനി ആ കായിക മനസ്സ് രാജ്യത്തിന്റെ പ്രയാണത്തിന്റെ ട്രാക്കില്‍ ബാറ്റനുമേന്തി ഇറങ്ങും. മല്‍സര രംഗത്തും പരിശീലന രംഗത്തും നിശ്ചയദാര്‍ഢ്യവും അര്‍പ്പണ ബോധവും ലക്ഷ്യബോധവും കൈമുതലാക്കിയ ഗോള്‍ഡന്‍ ഗേള്‍, പുതിയ നിയോഗത്തിന്റെ ഉഷഃസന്ധ്യയില്‍ നിന്നുകൊണ്ട് ജന്മഭൂമിയോടു സംസാരിക്കുന്നു. വിനായക മിഷന് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കാന്‍ സേലത്ത് എത്തിയതായിരുന്നു ഉഷ.
പുതിയ ദൗത്യത്തേക്കുറിച്ച് എന്തു തോന്നുന്നു?
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിളിച്ചാണ് എന്നോടു ചോദിച്ചത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനേയും പോലെ ഞാനും പറയാനാവാത്തൊരു വികാരത്തിന് അടിപ്പെട്ടുപോയി. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരം എന്നാണ് എനിക്കു തോന്നിയത്. അത്തരം ഏതൊരു കാര്യവും ഏറ്റെടുക്കും പോലെതന്നെ ഇതും ഏറ്റെടുത്തു. ഇന്ത്യന്‍ ജഴ്സിയണിഞ്ഞു ട്രാക്കിലേയ്ക്ക് ഇറങ്ങുന്ന അതേ മാനസികാവസ്ഥയാണ് ഇപ്പോള്‍. രാഷ്ട്രീയ രംഗവും ഭരണ രംഗവും എനിക്കു പരിചിതമല്ല. പക്ഷേ, ഇതുവരെ പിന്തുടര്ന്നു പോന്ന പാതയില്‍ രാജ്യത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട പിന്‍ബലം ഇന്നത്തെ ഭരണ സംവിധാനത്തില്‍ നിന്നു കിട്ടുമെന്നു പൂര്‍ണ വിശ്വാസമുണ്ട്. വാജ്പേയി സര്‍ക്കാരിന്റെ കാലത്തും ഇതുപോലെ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ക്ഷണം കിട്ടിയിരുന്നു. പക്ഷേ, അന്നു ഞാന്‍ കായിക രംഗത്തു കൂടുതല്‍ വ്യാപൃതമായിരുന്നതിനാല്‍ അതിനു കഴിഞ്ഞില്ല. ഇന്ന് ആ നില മാറിയല്ലോ. ആദ്യം പറഞ്ഞതു പോലെ, രാജ്യത്തിനു വേണ്ടി ഈ ദൗത്യം ഏറ്റെടുത്തു.
മുന്നോട്ടുള്ള പാതയെക്കുറിച്ച്?
അടിസ്ഥാനപരമായി ഞാന്‍ ഒരു സ്പോര്‍ട്സ് പേഴ്സണ്‍ ആണ്. ആ മാനസികാവസ്ഥയ്ക്കു മാറ്റമില്ല. എന്റെ ജീവിതം തന്നെ സ്പോര്‍ട്സ് ആണ്. അതാണെന്റെ സമ്പത്തും. കായിക രംഗത്തു നിന്ന് ഞാന്‍ ആര്‍ജിച്ച പരിചയ സമ്പത്തും അനുഭവസമ്പത്തും രാജ്യത്തിനും ഇന്നത്തേയും വരാനിരിക്കുന്ന കാലത്തേയും തലമുറയ്ക്കു വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ചിന്ത. പാര്‍ലമെന്റ് അംഗമാകുന്നതോടെ ആ പ്രവര്‍ത്തനത്തിനു കൂടുതല്‍ വിശാലമായ ലോകം തുറന്നു കിട്ടുന്നു എന്നതില്‍ സന്തോഷമുണ്ട്.
കായിക ഭാരതത്തിന്റെ ഭാവിയെക്കുറിച്ച്?
ശോഭനം എന്നു തറപ്പിച്ചു പറയാം. അടുത്ത കാലത്ത് നമ്മുടെ താരങ്ങള്‍ അതു തെളിയിക്കുന്നുണ്ടല്ലൊ. നമുക്ക് എത്താന്‍ കഴിയാത്തതെന്നു കരുതിയിരുന്ന പലമേഖലകളിലും ജയിച്ചു കയറാന്‍ കഴിയുന്നുണ്ട്. ഒളിംപിക്സിലെ നേട്ടങ്ങള്‍ എടുത്തു പറയണം. അത്തരം വിജയങ്ങള്‍ നല്കുന്ന ഉത്തേജനം ശക്തമാണ്. അതിന്റെ ഊര്‍ജം നിലനില്ക്കുമ്പോള്ത്തന്നെ പുതിയ ഉയരങ്ങളും പുതിയ മേഖലകളും കീഴടക്കാന്‍ കഴിയണം. അവസരങ്ങള്‍ ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ. അവ വരുമ്പോള്‍ ഉപയോഗപ്പെടുത്തുകയാണ് നമ്മുടെ കടമ. ഇന്ന് ഇന്ത്യയുടെ അവസരം വന്നിരിക്കുന്നു. ഉണര്ന്നെഴുനേല്ക്കുന്ന ഇന്ത്യയെയാണ് ഇപ്പോള്‍ കാണുന്നത്. കൃത്യമായ നിരീക്ഷണവും ദിശാബോധവും മാര്‍ഗനിര്‍ദേശവും ഉണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ഇന്ത്യയ്ക്കു കഴിയും. ആ ദിശയിലൂടെയുള്ള യാത്രയില്‍ പങ്കാളിയാകാന്‍ എനിക്ക് അവസരം കൈവന്നത് നിയോഗം തന്നെയായിരിക്കണം.
നിലവിലെ ഇന്ത്യന്‍ കായിക സംവിധാനത്തിന്റെ നില?
നിലവാരം വളരെ മെച്ചപ്പെട്ടു. മുന്‍കാലങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങള്‍ ഏറെ മെച്ചമായി. ഇന്ന് അവസരങ്ങള്‍ കിട്ടുന്നുണ്ട്. നല്ല കളിക്കളങ്ങളുണ്ട്. സ്റ്റേഡിയങ്ങളുണ്ട്. മത്സരങ്ങളുണ്ട്. മികവു തെളിയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നിരാശപ്പെടേണ്ടാത്ത അവസ്ഥ. അതു കളിക്കാരുടെ നിലവാരത്തില്‍ പ്രകടമാകുന്നുമുണ്ട്. കായിക പദ്ധതികളും പലതുണ്ട്. ഇവ വേണ്ടവരില്‍ എത്താനും അതു വേണ്ടരീതിയില്‍ നടപ്പാക്കാനുമുള്ള സംവിധാനങ്ങള്‍ പൂര്‍ണതയിലെത്തണം. അതിന് എല്ലാവരുടേയും സമീപനത്തില്‍ മാറ്റം വരണം. കായിക രംഗം ഭരിക്കുന്നവരുടെ മാത്രമല്ല, പരിശീലകരുടേയും കളിക്കാരുടേയും അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും മാനസികാവസ്ഥയും സമീപനവും ഇതില്‍ പ്രധാനമാണ്. ഒത്തൊരുമിച്ചുള്ള മുന്നേറ്റമാണ് ഈ സമയത്ത് ആവശ്യം. അതിന് കായിക രംഗത്തേക്കുറിച്ചു പൊതു സമൂഹത്തിനുള്ള ചിന്തയില്‍ കാര്യമായ മാറ്റം വരേണ്ടതായിട്ടുണ്ട്.
സമൂഹത്തിന്റെ ചിന്തയിലെ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിച്ചത്?
ആരോഗ്യപൂര്‍ണമായ സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ് സ്പോര്‍ട്സ് എന്നു സമൂഹം തിരിച്ചറിയണം. മക്കളെ വലിയ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റും ആക്കാനുള്ള തത്രപ്പാടില്‍ കുട്ടികള്‍ക്കു കളിക്കളങ്ങള്‍ നിഷേധിക്കുന്നതു ഭാവിക്കു ഗുണം ചെയ്യില്ല. കായിക രംഗം ശരീരത്തിനു മാത്രമുള്ളതല്ല. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയിലും ഭാവനാ വികാസത്തിലും കായികവ്യായാമത്തിനു വലിയ പങ്കുണ്ട്. ഇവയൊക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. കളിക്കേണ്ട പ്രായത്തില്‍ കുട്ടികള്‍ കളിക്കണം. കുട്ടിക്കാലത്ത് അവരില്‍ രൂപപ്പെടുന്ന ഊര്‍ജം റിലീസ് ചെയ്യാന്‍ കളികളാണ് വേണ്ടത്. അതു ഫലത്തില്‍ മാനസികോല്ലാസവും അതുവഴി സ്വസ്ഥമായ മനസ്സും ബൗദ്ധിക മണ്ഡലവും അവര്‍ക്കു നല്‍കും. അവ പഠനത്തിനു സഹായകമായ മനസ്സും തലച്ചോറും സൃഷ്ടിക്കും. ഇതു സമൂഹം, പ്രത്യേകിച്ച് രക്ഷാകര്ത്താക്കള് തിരിച്ചറിയണം.
ഇക്കാര്യത്തില്‍ ഭരണ സംവിധാനത്തിന് എന്തു ചെയ്യാന്‍ കഴിയും?
വിദ്യാലയങ്ങളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ നിര്‍ബന്ധമാക്കണം. അതു നിര്‍ബന്ധ പാഠ്യപദ്ധതിയില്‍ പെടുത്തണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരെ നിയമിക്കുന്ന ശൈലി മാറണം. എണ്ണമല്ല കുട്ടികളുടെ ആരോഗ്യമാണ് പ്രശ്നം. ആ ബോധം അധ്യാപകര്‍ക്കും വേണം.
സര്‍ക്കാരിന്റെ കയിക പദ്ധതികളെക്കുറിച്ച്?
നല്ല പദ്ധതികള്‍ പലതുണ്ട്. ഭാവനാപൂര്ണമായവ തന്നെ. ഖേലോ ഇന്ത്യ തന്നെ നല്ല ഉദാഹരണം. പക്ഷേ, പദ്ധതികള്‍ എല്ലാവരിലേയ്ക്കും എത്തിക്കാന്‍ കഴിയണം. റോ ടാലന്റ് എന്നു പറയാറില്ലെ? അസംസ്കൃത മികവ് എന്നു മലയാളത്തിലാക്കാം. അത്തരക്കാര്‍ ഇന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. അതിനു പരിഹാരം വേണം. വിജയിക്കുന്നവരിലും മെഡല്‍ നേടുന്നവരിലും മാത്രമായി ഇന്നും നമ്മുടെ ശ്രദ്ധ ഒതുങ്ങിപ്പോകുന്നുണ്ട്. മികവുണ്ടായിട്ടും ജയിക്കാനറിയാത്ത നല്ലൊരു ഭാഗം പുറത്തു നില്ക്കുന്നുണ്ടാവും. ഒളിഞ്ഞുകിടക്കുന്ന മുത്തുകള്‍. അവരിലേയ്ക്കു നമ്മള് എത്തണം. ജനസംഖ്യ നമുക്കു വലിയ പ്രശ്നം തന്നെയാണ്. പക്ഷേ, അതിനെ മാനുഷിക ശേഷിയാക്കി(ഹ്യൂമന്‍ പവര്‍) കണക്കാക്കുമ്പോള്‍ അതു നമ്മുടെ വന്‍ ശക്തിയാണ്. അന്വേഷണം അതിലേയ്ക്കു നീങ്ങണം. അത്ഭൂതങ്ങള്‍ ഒളിഞ്ഞു കിടക്കുന്ന മേഖലയായിരിക്കും അതെന്ന് എന്റെ മനസ്സു പറയുന്നു.
മനസ്സിലൂള്ള പദ്ധതികള്‍?
ചിലതൊക്കെയുണ്ട്. പറയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: