ആലപ്പുഴ: മുന്‍ഗാമികളെ വെട്ടിനിരത്തി നേതൃത്വം പിടിച്ചെടുക്കുകയെന്ന സിപിഎമ്മിന്റെ പാരമ്പര്യം പിന്തുടര്ന്ന് സംസ്ഥാന സെക്രേട്ടറിയറ്റംഗവും, മന്ത്രിയുമായി മാറിയ ചരിത്രമാണ് സജി ചെറിയാന്റേതും. പക്ഷെ കൂടുതല്‍ കാലം പ്രതാപിയായി വാഴാന്‍ അനുവദിക്കാതെ വിവാദത്തിലേക്ക് തള്ളിയിട്ടതും പാര്‍ട്ടിയിലെ വിഭാഗീയത. മല്ലപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചത് വിവാദമാക്കിയത് സഖാക്കള്‍ തന്നെ.
ആലപ്പുഴയിലെ നേതാക്കള്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും മുന്‍ഗാമികളെ കുത്തിവീഴ്ത്തിയാണ് വളര്‍ന്നത്. വി.എസ്. അച്യുതാനന്ദനായിരുന്നു ഒരു കാലത്ത് അവസാന വാക്ക്. അന്ന് വിഎസിനൊപ്പം നിന്ന നേതാവായിരുന്നു ജി. സുധാകരന്. ക്രമേണ കണ്ണൂര്‍ ലോബിക്കൊപ്പം, പ്രത്യേകിച്ച് പിണറായി വിജയന്റെ ഉറ്റ അനുയായി ആയി, വിഎസ് പക്ഷക്കാരെ വെട്ടി നിരത്തി സമഗ്രാധിപത്യം നേടി.
സുധാകരനു വേണ്ടി പാര്‍ട്ടി പിടിക്കാനും എതിരാളികളെ വെട്ടിനിരത്താനും മുന്നണിയില്‍ നിന്നയാളായിരുന്നു സജി ചെറിയാന്. സുപ്രധാന ചുമതലകളില്‍ സജിയെ അവരോധിച്ചു, തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാക്കി. ഒടുവില്‍ സുധാകരനെ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയില്‍ ഒതുക്കി സജി പാര്‍ട്ടി കൈപ്പിടിയിലാക്കി. പിണറായി വിജയന്റെ വിശ്വസ്തനായി മാറി.
സി.ബി. ചന്ദ്രബാബു ലോക്സഭയിലേക്ക് മത്സരിക്കാന്‍ രാജിവച്ച ഒഴിവില്‍ ജില്ലാ സെക്രട്ടറിയായ സജി പിണറായി പക്ഷത്ത് നിലയുറപ്പിച്ച് നടത്തിയ നീക്കങ്ങളാണ് എംഎല്‍എയാകാനും മന്ത്രിയാകാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്താനും സഹായകമായത്.ജില്ലാ കമ്മറ്റി കൂടാതെ ലോക്കല്‍, ഏരിയ കമ്മിറ്റികള്‍ സജി ചെറിയാന് കൈയടക്കി. സജിയല്ലാതെ മറ്റൊരു അധികാരകേന്ദ്രമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: