ന്യൂദല്‍ഹി: തൃണമൂലിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയും മമത ബാനര്‍ജിയും തമ്മിലുള്ള ബന്ധം ഉലയുന്നു. മഹുവ മൊയ്ത്ര തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിനെ അണ്‍ഫോളോ ചെയ്തതോടെ ബന്ധം കൂടുതല്‍ വഷളാവുകയാണെന്ന് വേണം കരുതാന്‍. മുസ്ലിം വോട്ടുകളുടെ അടിത്തറയില്‍ നിലകൊള്ളുന്ന തൃണമൂല്‍ സര്‍ക്കാര്‍ ഇപ്പോഴുള്ള ഹിന്ദുവോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല.
കഴിഞ്ഞ ദിവസം ഹി്ന്ദുത്വത്തെ അപമാനിക്കുന്ന ലീന മണിമേഖലയുടെ ‘കാളി’ എന്ന സിനിമയെ അനുകൂലിച്ച് മഹുവ മൊയ്ത്ര നടത്തിയ പ്രകോപനപരമായ പ്രസ്താവനയെ മമതയും തൃണമൂലും തള്ളിയിരുന്നു. മാംസം ഭക്ഷിക്കുന്ന, കള്ള് സ്വീകരിക്കുന്ന ദേവതയാണ് കാളി എന്നായിരുന്നു മഹുവ മൊയ്ത്രയുടെ വിവാദ പരാമര്‍ശം. സംവിധായിക ലീന മണിമേഖല തന്റെ ‘കാളി’ എന്ന ഡോക്യുമെന്‍ററി സിനിമയ്‌ക്ക് സിഗരറ്റ് വലിക്കുന്ന കാളിയുടെ ചിത്രം പോസ്റ്ററില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ബിജെപിയും ഹിന്ദു സംഘടനകളും ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. അതിനിടെയാണ് ലീനയെ അനുകൂലിച്ച് മഹുവ മൊയ്ത്രയുടെ അഭിപ്രായപ്രകടനം.
ദേവതയായ കാളിയെ അപമാനിച്ചു എന്നാരോപിച്ച് ബിജെപി ബംഗാളില്‍ രണ്ട് കേസുകളാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ നല്‍കിയിരിക്കുന്നത്. ആദ്യത്തെ പരാതി ബുധനാഴ്ച രാവിലെ ബിജെപി പ്രവര്‍ത്തകരാണ് നല്‍കിയത് . ബംഗാളിലെ ബിജെപി നേതാവ് രാജര്‍ഷി ലാഹിരി രബീന്ദ്ര സറോബര്‍ പൊലീസ് സ്റ്റേഷനിലാണ് രണ്ടാമത്തെ പരാതി നല്‍കിയിരിക്കുന്നത്. “ഹിന്ദുമതത്തെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ഒന്നുമറിയാതെയാണ് മഹുവ മൊയ്ത്ര ഈ പ്രസ്താവന നടത്തിയത്. കാളി ദേവതയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശ്യമേ അവര്‍ക്കുള്ളൂ.”- പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: