കാബൂള്‍: താലിബാന് എന്ന തീവ്രവാദസംഘടനയിലുമുണ്ട് സ്വജനപക്ഷപാതം. സ്വന്തം വധുവിനെ വീട്ടിലെത്തിക്കാന്‍ താലിബാന്റെ കമാന്‍ഡര്‍ ഉപയോഗിച്ചത് സൈനിക ഹെലികോപ്റ്റര്‍. വധുവിനെ നല്‍കിയതിന് അവളുടെ പിതാവിന് കമാന്‍ഡര്‍ സ്ത്രീധനമായി ഒരു കോടി 20 ലക്ഷം രൂപ നല്‍കിയതിനെതിരെയും വിമര്‍ശനം ഉയരുന്നു.
താലിബാനുള്ളില്‍ വലിയ സ്വാധീനമുള്ള ഹഖാനി സംഘത്തില്‍പ്പെട്ട കമാന്‍ഡറാണ് അനധികൃതമായി സ്വന്തം ആവശ്യത്തിന് സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. അനസ് ഹഖാനി, സിറാജുദ്ദീന് ഹഖാനി, ഖലീര്‍ ഉര് റഹ്മാന് ഹഖാനി എന്നിവര്‍ ഹഖാനി ശൃംഖലയില്‍പ്പെട്ട താലിബാനെ നിയന്ത്രിക്കുന്നവരില്പ്പെട്ട ഉന്നത നേതാക്കളാണ്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയില്‍ നിലകൊള്ളുന്ന ഭാര്യവീട്ടിലേക്ക് ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കമാന്‍ഡറിന് നിഷേധിക്കാനുമാവുന്നില്ല.
വീഡിയോ ക്ലിപ്പിന് താഴെ സമൂഹമാധ്യമങ്ങളില്‍ നിരവധി ആളുകള്‍ ഈ സ്വജനപക്ഷപാതത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. പൊതു സ്വത്ത് സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നുവെന്ന രീതിയിലാണ് വിമര്‍ശനം.
അതേ സമയം ഹഖാനി ഗ്രൂപ്പില്‍പെട്ട താലിബാന്റെ ഡപ്യൂട്ടി വക്താവ് ഖാരി യൂസഫഫ് അഹമ്മദി ഈ കമാന്‍ഡറെ ന്യായീകരിക്കുകയാണ്. ഈ ആരോപണം തെറ്റാണെന്ന വിശദീകരണമാണ് താലിബാന് നേതാക്കള്‍ നല്‍കുന്നത്.
ഒരു വശത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന് കവര്ന്നെടുക്കുന്നതിനിടയിലാണ് ഇത്തരം അധികാര ദുരുപയോഗങ്ങള്‍ നടക്കുന്നതെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ (എച്ച് ആര് ഡബ്ല്യൂ) ഹീതര്‍ ബാര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: