ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനോട് റബ്ബര്‍ സ്റ്റാമ്പല്ലാത്ത രാഷ്ട്രപതി ആകണമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ ഉപദേശം. ആദിവാസിക്ക് റബ്ബര്‍ സ്റ്റാമ്പല്ലാത്ത രാഷ്ട്രപതിയാകാന്‍ കഴിയില്ലെന്ന് വിചാരിക്കുന്നത് വൃത്തികെട്ട ചിന്താഗതിയുടെ ഭാഗമാണെന്ന് തിരിച്ചടിച്ച് ബിജെപി.
ആദിവാസി നേതാക്കള്‍ ഉയര്‍ന്ന പദവികള്‍ വഹിക്കാന്‍ യോഗ്യരല്ലെന്ന ചിന്താഗതിയില്‍ നിന്നാണ് റബ്ബര്‍ സ്റ്റാമ്പ് രാഷ്ട്രപതി എന്ന ചിന്താഗതി വരുന്നതെന്ന് കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പ്രതികരിച്ചു. റബ്ബര്‍ സ്റ്റാമ്പല്ലാത്ത രാഷ്ട്രപതിയായിരിക്കുമെന്ന് ദ്രൗപദി മുര്‍മു പ്രതിജ്ഞയെടുക്കണമെന്ന യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്.
ജീവിതത്തില്‍ കര്‍മ്മം കൊണ്ട് സ്വയം തെളിയിച്ച നേതാവാണ് മുര്‍മു. ഒഡിഷയില്‍ എംഎല്‍എയും മന്ത്രിയും ആയും ജാര്‍ഖണ്ഡില്‍ ഗവര്‍ണറായും സ്വന്തം കഴിവ് തെളിയിച്ച മുര്‍മുവിനെപ്പോലെ നേതാവിന്റെ കഴിവിനെ സംശയിക്കുന്നത് ക്രൂരമാണെന്നും സി.ടി. രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: