നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ നാരായണീയം വീട്ടില്‍ നിറപുഞ്ചിരിയോടെ ഇനി ആ മനുഷ്യന് ഇല്ല. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും ജീവിതം നയിച്ച വീട്ടില്‍ പ്രിയപത്നി സരസ്വതിഅമ്മയെ ഒറ്റയ്ക്കാക്കി ഗോപിനാഥന് നായര്‍ വിടവാങ്ങി.
സഹനസമരങ്ങളിലൂടെ പകര്‍ന്നുകിട്ടിയ കരുത്തുമായിട്ടാണ് പി. ഗോപുനാഥന്നായര് ജീവിച്ചത്. 1922 ജൂലൈ ഏഴിനാണ് ജനനമെങ്കിലും മിഥുനത്തിലെ തൃക്കേട്ടനാളിലാണ് പിറന്നാളാഘോഷം. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരണത്തിന് രാജ്യംമുഴുവന്‍ സഞ്ചരിച്ചിട്ടുള്ള ഗോപിനാഥന്‍നായര്‍ രണ്ടുവര്‍ഷമായി നെയ്യാറ്റിന്‍കരയിലെ നാരായണീയം വീട്ടിലാണ്. ഭാര്യ സരസ്വതിയമ്മയും ഒപ്പമുണ്ടായിരുന്നു. യാത്രയും പ്രഭാഷണങ്ങളും ഇല്ലെങ്കിലും നാട്ടുവിശേഷങ്ങളൊക്കെ അറിയുന്നു, പ്രതികരിക്കുന്നു.
പഞ്ചാബില്‍ സിഖ്-ഹിന്ദു സംഘര്‍ഷ സമയത്ത് സാഹസികമായി അവിടെ എത്തിയതും ശാന്തിയുടെ പാതയിലേക്ക് ജനങ്ങളെ നയിച്ചതും വീട്ടിലെ അവസാനനാളുകളില്‍ അദ്ദേഹം ഓര്‍ക്കുമായിരുന്നു. മാറാട് സംഘര്‍ഷമുണ്ടായപ്പോള്‍ സമാധാനം സ്ഥാപിക്കാന്‍ ഗാന്ധിയന്മാരുടെ ശാന്തിസംഘത്തെ നയിച്ച ഓര്‍മകളും അവസാനനാളുകളിലും കാണാനെത്തുന്നവരോട് പങ്കുവയ്ക്കുമായിരുന്നു.
നാട്ടുകാര്‍ക്ക് ഏതൊരു ആവശ്യത്തിനും നാരായണീയം വീട് എന്നും തുറന്നു കിടക്കുമായിരുന്നു. പുറത്തുനിന്ന് ഒരു വിളിവിളിച്ചാല്‍ ഭാര്യ സരസ്വതിഅമ്മ അദ്ദേഹത്തെ കൂട്ടി പുറത്തുവരുന്ന കാഴ്ചയാണ് കഴിഞ്ഞമാസം വരെ ഉണ്ടായിരുന്നത്. പത്മശ്രീ ഗോപിനാഥന്‍നായരുടെ മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ വീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തുകയാണ്. അദ്ദേഹം മരണമടഞ്ഞ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിക്ക് മുന്നില്‍ വൈകിയും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. എന്നും നെയ്യാറ്റിന്‍കരയുടെ അഭിമാനമായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ഗാന്ധിയന്‍ പത്മശ്രീ ഗോപിനാഥന് നായര്‍ ഇനി ഓര്‍മകളില്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: