തിരുവനന്തപുരം : ഭരണഘടനയ്ക്കെതിരായ പ്രസ്താവന വിവാദമായതോടെ മന്ത്രി സജി ചെറിയാനെതിരെയുള്ള നിയമ വശങ്ങള് പരിശോധിച്ച് സിപിഎം. മലപ്പള്ളിയില്‍ നടത്തിയ പരാമര്‍ശത്തില്‍ പാര്‍ട്ടിയും നേതാക്കളും കഴിഞ്ഞ ദിവസം സജി ചെറിയാനെ ന്യായീകരിച്ച് രംഗത്ത് എത്തിയെങ്കിലും മന്ത്രി രാജിവെച്ച് ഒഴിയണമെന്ന ആവശ്യം ശക്തമായതോടെയാണ് സിപിഎം ഇപ്പോള്‍ നിയമവശം പരിശോധിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഎം അവെയ്ലബിള് സെക്രട്ടറിയേറ്റ് ചേരുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, എ. വിജയരാഘവന്, കെ.എന്‍. ബാലഗോപാല്‍, മുഹമ്മദ് റിയാസ്, പി. രാജീവ്, വി.എന്‍. വാസവന്, പി.കെ. ബിജു തുടങ്ങി വിവിധ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
മന്ത്രിക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഈ യോഗത്തിനു ശേഷം വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകിട്ട് മന്ത്രിസഭായോഗവും ചേരുന്നുണ്ട്. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്ര നേതൃത്വം പൂര്‍ണ്ണമായും സംസ്ഥാന സമിതിക്ക് നല്‍കിയിരിക്കുകയാണ്. അതിനാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. എജി അടക്കം ഉള്ളവരുമായി സര്‍ക്കാര്‍ സ്ഥിതി ചര്‍ച്ച ചെയ്യുന്നുണ്ട്. സജി ചെറിയാനെതിരെ കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കകളെ തുടര്‍ന്നാണ് ഇത്തരത്തില്‍ നിയമവശങ്ങളെല്ലാം പരിശോധിക്കുന്നത്.
എന്നാല്‍ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷം. അതിനിടെ ഇന്ന് നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. മന്ത്രി സജി ചെറിയാനെ രക്ഷിക്കാന്‍ നിയമസഭ ചേര്‍ന്ന് എട്ടാം മിനിറ്റില്‍ ഇന്നത്തേക്ക് പിരിച്ചുവിട്ടു. പ്രതിപക്ഷം മുദ്രാവാദ്യം വിളിച്ചെന്നും പ്ലക്കാര്‍ഡ് ഉയര്‍ത്തിയെന്നും ആരോപിച്ചാണ് സ്പീക്കര്‍ എം.ബി. രാജേഷിന്റെ നടപടി. അസാധാരണ നടപടിയാണ് സ്പീക്കറില്‍ നിന്നുണ്ടായത്. ചോദ്യത്തരവേളയില്‍ സാധാരണഗതിയില്‍ ബഹളമുണ്ടായാല്‍ അല്പസമയത്തേക്ക് സഭ നിര്‍ത്തിവച്ചു കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി വീണ്ടും സഭ ആരംഭിക്കുന്നതാണ് പതിവ്. വീണ്ടും രൂക്ഷമായ ബഹളമാണെങ്കില്‍ മാത്രമാണ് സഭ പിരിച്ചുവിടാന്‍ അടക്കം നടപടി സ്പീക്കര്‍ നടത്താറുള്ളൂ. എന്നാല്‍, ഇന്ന് സജി ചെറിയാന് വിഷയത്തില്‍ അടിയന്തരപ്രമേയത്തില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാല്‍ സഭ അസാധാരണമായി പിരിച്ചുവിടാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. ഇത് സര്‍ക്കാര്‍ നിര്‍ദേശം മൂലമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: