വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നതിനായി മഹാത്മാ ഗാന്ധി എറണാകുളത്ത് വന്നിറങ്ങിയ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്റെ നവീകരണ പദ്ധതികള്‍ക്ക് ഇപ്പോഴും ചുവന്നകൊടി തന്നെ. രാജ്യമെമ്പാടും അമൃതോത്സവ സ്മരണകള്‍ സ്മാരകങ്ങളായി പുനര്‍ജനിക്കുമ്പോഴാണ് കൊച്ചിയിലെ പഴയ റെയില്‍വേ സ്റ്റേഷന് തകര്‍ന്ന നിലയില്‍ തുടരുന്നത്.
1925 മാര്‍ച്ച് എട്ടിന് വൈകിട്ട് 3.30ന് എത്തിയ തീവണ്ടിയുടെ രണ്ടാമത്തെ ബോഗിയില്‍നിന്ന് വെളുത്ത വസ്ത്രമണിഞ്ഞ് വടിയും കൈയിലേന്തി ഗാന്ധിജി ഇറങ്ങിച്ചെന്നത് ജനസാഗരത്തിന്റെ നടുവിലേക്കായിരുന്നു. അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ ആ എറണാകുളം റെയില്‍വേ സ്റ്റേഷന് വിസ്മൃതിയിലാണ്ടു കിടക്കുന്നു. ചരിത്രത്തിലേക്ക് നടന്ന ആ മഹാത്മാവിന്റെ കാലടികള്‍ വീണ പാതകള്‍ ഇന്നും വികസനത്തിന്റെ ചൂളം വിളിക്കായി കാത്തിരിക്കുകയാണ്. ഹൈക്കോടതിക്ക് പിന്നിലുള്ള സ്റ്റേഷനില്‍ പായല്‍ പിടിച്ച കെട്ടിടങ്ങളും വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്ന റെയില്‍പ്പാതകളും പച്ചപിടിച്ചതല്ലാതെ നവീകരണ പദ്ധതികള്‍ക്ക് പച്ചക്കൊടി കാണിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഗാന്ധിജിയുടെ വരവിന് 97 വര്‍ഷം പിന്നിടുമ്പോഴും രാജ്യം അമൃതോത്സവത്തിന്റെ മധുരം നുണയുമ്പോഴും ചരിത്രത്തിന്റെ ശേഷിപ്പുകള്‍ അവഗണനയുടെ കൊടുമുടിയില്‍ത്തന്നെ. കൊച്ചിയിലെ ഗാന്ധിസ്മരണകള്ക്ക് തുടക്കം കുറിച്ച സ്റ്റേഷനു പറയാനും കഥകളേറെയാണ്.
നഗരത്തിന്റെ ഹൃദയഭാഗത്ത് 40 ഏക്കറിലാണ് റെയില്‍വേ സ്റ്റേഷന്. പൊട്ടിപ്പൊളിഞ്ഞ പാതകളും നിഗൂഢത പേറുന്ന കെട്ടിടങ്ങളും യാത്രക്കാരെ ഭയപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഭാര്ഗവീനിലയമെന്ന് തോന്നുന്ന സ്ഥിതിയിലെത്തി റെയില്‍വേ സ്റ്റേഷന്. രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ താവളമായും സ്ഥലം മാറി. പാമ്പ് ശല്യവും രൂക്ഷമാണ്. കൊച്ചിയുടെ പഴമയോതുന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പാമ്പ് കടിയുമേറ്റിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് പുനരുജ്ജീവിപ്പിക്കണമെന്നും ഗാന്ധിജിയുടെ ജന്മനാടായ പോര്‍ബന്തറിലേക്ക് ഇവിടെനിന്ന് ഗാന്ധിദര്‍ശന്‍ സര്‍വീസ് ആരംഭിക്കണമെന്നുമുള്ള ആവശ്യത്തിനും ഗാന്ധിസ്മരണകളുടെ പഴക്കമുണ്ട്.
1902 ജൂലൈ 16നാണ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചത്. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങള്‍ വിറ്റാണ് കൊച്ചിയിലെ മഹാരാജാവായിരുന്ന രാമവര്‍മ്മ റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പണം കണ്ടെത്തിയത്. പുനര്‍നിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ട് മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ പഴയപ്രതാപത്തിലേക്കുള്ള ഏണിപ്പടികള്‍ ഇനിയും ബാക്കി. പൈതൃകം കാക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് 505 കോടിയുടെ വികസനപദ്ധതിയാണ് റെയില്‍വേ ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടമായി ഒന്നരക്കോടി അനുവദിച്ചു. ഇതുപയോഗിച്ച് 100 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്കുകള്‍ നവീകരിച്ചു. എന്നാല്‍ മൂന്നുമാസം പിന്നിട്ടപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ താനെ നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: