തിരുവനന്തപുരം : ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും ആണെന്ന് മന്ത്രി എം.വി. ഗോവിന്ദന്. എംകെ.മുനീര്‍ എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍വ്വകക്ഷിയോഗത്തില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ അംഗീകാരം ലഭിച്ചതാണ്. അതിനുശേഷമാണ് ഇപ്പോള്‍ ഒരു പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ ആവിക്കല്‍തോട് പ്രദേശത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്തതുമായി പദ്ധതിയാണ്.
സര്‍വ്വകക്ഷിയോഗം അംഗീകാരം നല്‍കിയശേഷവും പദ്ധതിക്കെതിരെ പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെങ്കില്‍ ഇതിന് പിന്നില്‍ പ്രര്‍ത്തിച്ചത് എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും ആണ്. പദ്ധതി പരിസ്ഥിതി നാശനം ഉണ്ടാകില്ല. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയും ജനകീയ പ്രതിരോധം എന്ന പേരില്‍ സമരം സംഘടിപ്പിക്കുകയാണ്. സമരത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ പോലീസുകാരെ അക്രമിക്കുകയാണ്. 8 പോലീസുകാര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എം.വി. ഗോവിന്ദന് നിയമസഭയില്‍ പറഞ്ഞു.
അതേസമയം ആരെങ്കിലും സമരം ചെയ്താല്‍ അവരെ തീവ്രവാദികളാക്കുന്നത് നല്ലതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതികരിച്ചു. ഖരമാലിന്യ പ്ലാന്റ് വരുന്നതിനെ യുഡിഎഫ് എതിര്‍ക്കുന്നില്ല. എന്നാല്‍ പ്ലാന്റിനായി ജനസാന്ദ്രത പോലുള്ള പ്രദേശം തെരഞ്ഞെടുത്തത് ശരിയായില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്താവണം ഇത്തരത്തിലുള്ള പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടതെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: