പാനൂര്‍: 47 വര്‍ഷം തുടര്‍ച്ചയായി ഒരൊറ്റ ജോലി ചെയ്യുക. അതും ഡ്രൈവര്‍ ജോലി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇത്തരത്തില്‍ തൊഴിലിലേര്‍പ്പെടുന്നവര്‍. എന്നാല്‍ പാനൂര്‍ മാക്കൂല്‍പീടികയിലെ പാറങ്കണ്ടിയില് പുത്തന്‍പുരയില്‍ രാജന് നാല്‍പ്പത്തിയേഴ് വര്‍ഷത്തിനിപ്പുറവും ഡ്രൈവര്‍ ജോലി സ്വന്തം കുടുംബത്തിന്റെ ഉപജീവനമാര്‍ഗ്ഗമായി മുന്നോട്ട് പോവുകയാണ്. രാജന്റെ ജീവിതത്തിന്റെ ഭാഗമാണ് വളയം. 1975 മുതല്‍ പാനൂരില്‍ ടാക്സി ഡ്രൈവറാണ് ഇദ്ദേഹം. പിന്നീട് കുറച്ചു വര്‍ഷങ്ങളില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായും ജോലി നോക്കി. രാജന് ഡ്രൈവര്‍ക്ക് തന്റെ ഡ്രൈവര്‍ അനുഭവങ്ങള്‍ ഏറെയാണ്. പഴയകാലത്ത് ട്രിപ്പുമായി പോയാല്‍ വാഹനങ്ങളില്‍ തന്നെയാണ് ഊണും ഉറക്കവും. മുറി വാടകക്കെടുത്ത് താമസിക്കുന്ന പതിവ് അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് രാജന് ഓര്‍ത്തെടുക്കുന്നു.
ശബരിമല, കന്യാകുമാരി, ശിവഗിരി, പുട്ടപര്‍ത്തി, തിരുപ്പതി യാത്രകള്‍ എല്ലാ വര്‍ഷവും ഉണ്ടാകും. ഇന്നേവരെ ദൈവസഹായത്താല്‍ ഒരു അപകടത്തിലും പെട്ടിട്ടില്ലെന്ന് രാജന് ഡ്രൈവര്‍ പറയുന്നു. ആദ്യകാലത്തെ റോഡുകള്‍ വളരെ മോശമായിരുന്നു. രാജന് ഡ്രൈവറുടെ കൂടെ ഡ്രൈവിംഗ് ജോലി ആരംഭിച്ചവരില്‍ ഇന്ന് രണ്ടുപേര്‍ മാത്രമേ ബാക്കിയുള്ളൂ. 60 വയസ്സുവരെ ക്ഷേമനിധിയില്‍ തുക അടച്ചിരുന്നു. അതിനാല്‍ മാസത്തില്‍ പെന്ഷന് ലഭിച്ചുവരുന്നു. എല്ലാവര്‍ഷവും വിദ്യാര്‍ത്ഥികളുമായി അധ്യയന, പഠനയാത്ര നടത്താറുണ്ട്.
ഒരിക്കല്‍ വിദ്യാര്‍ഥികളുമായി ബംഗ്ളൂര് യാത്ര പോയ സമയത്ത് മാണ്ഡ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കുട്ടിക്ക് ശൗചാലയം ഉപയോഗിക്കേണ്ട ആവശ്യം വന്നതിനാല്‍ ഹെഡ്മാസ്റ്ററും കുട്ടിയും നടന്നുപോകുന്ന സമയത്ത് പോലീസ് തോക്കുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഇന്നും ഓര്‍മ്മയോടെ രാജന് മനസ്സില്‍ സൂക്ഷിക്കുന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി റോഡ് നിയമം പാലിച്ചുകൊണ്ടാണ് രാജന് ഡ്രൈവറുടെ യാത്ര. വാഹനവുമായി 24 മണിക്കൂര്‍ നിരങ്ങി നീങ്ങി ശബരിമലയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
കേരളത്തിലെ റോഡുകള്‍ അതിവേഗം വികസിപ്പിക്കേണ്ടതിനെക്കുറിച്ചാണ് രാജന് പറയാനുള്ളത്. രാജന് ഡ്രൈവറും സുഹൃത്തും കഴിഞ്ഞദിവസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. കാറിലായിരുന്നു തീര്‍ത്ഥാടനയാത്ര. 320 കീ.മി ഉള്ള ലക്ഷ്യസ്ഥാനത്തെത്താന്‍ 7 മണിക്കൂറിനടുത്തെടുത്തു. ഇതില്‍ നാലര മണിക്കൂറിലേറെ കേരളത്തിലെ നമ്മുടെ റോഡിലൂടെയായിരുന്നു. ക്ലച്ചും, ബ്രേക്കും ചവിട്ടി കാലിന് വേദന അസഹ്യമാണെന്ന് ഇവര്‍ പറയുന്നു. നമ്മുടെ നാട്ടിലെ റോഡ് വികസനത്തിലെ അലംഭാവം പൊറുക്കാന്‍ കഴിയില്ല.
രണ്ടുവരിയിലൂടെ ഒച്ചിഴയും വേഗതയിലാണ് വാഹനങ്ങള്‍ നീങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതെല്ലാ സ്ഥിതി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലൂടെ രാജന് ഡ്രൈവര്‍ യാത്ര ചെയ്തിട്ടുണ്ട്. ഇത്ര മോശം റോഡ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ മാത്രമാണെന്ന് ഉറപ്പിച്ച് പറയും. ശുഭസ്യ ശീഘ്രം നടത്തേണ്ട വികസനം വൈകുന്നതിന്റെ ആശങ്കയും രാജന് പങ്കുവെച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗപാതയുടെ പ്രവൃത്തി അതിവേഗം തന്നെ തീര്‍ത്താല്‍ ഒരു ഡ്രൈവര്‍ എന്ന നിലയില്‍ ആ റോഡിലൂടെ യാത്ര ചെയ്ത് അഭിമാനത്തോടെ ഡ്രൈവര്‍ കുപ്പായം മാറ്റി ശിഷ്ടകാലം വീട്ടിലിരിക്കാനാണ് രാജന്റെ മോഹം. 47 വര്‍ഷം വളയം പിടിച്ച ഒരു സാധാരണ ടാക്സി ഡ്രൈവറുടെ അഭ്യര്‍ത്ഥനയാണിതെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രിയാണ് രാജന് ഡ്രൈവരുടെ ഭാര്യ. മക്കള്‍: ജിന്‍സി, ജിഷില്‍, ജിതുല്‍. ഫോണ്‍: 9744320247.
പി.പി. രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: