തിരുവനന്തപുരം: കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയെ മതം മാറിയതിനല്ല തിരുവിതാംകൂര്‍ മഹാരാജാവ് വധശിക്ഷ വിധിച്ചത്, മറിച്ച് അനധികൃതമായി തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയതിനും മറ്റു ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണെന്ന് പ്രശസ്ത ചരിത്രകാരനായ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍. ചിന്താവേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘ദൈവസഹായം പിള്ള വികലമാക്കപ്പെടുന്ന ചരിത്രം’ എന്ന വിഷയത്തില്‍ സി.എം. ആഗര്‍ എഴുതിയ ‘ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തെ ഉദ്ധരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ആരെയെങ്കിലും മതം മാറിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ഏതെങ്കിലും വിധത്തില്‍ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. മതം മാറിയത് കൊണ്ടാണ് ദേവസഹായം പിള്ളയെ വധിച്ചത് എന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. തിരുവിതാംകൂറും കൊച്ചിയും മലബാറും ഒക്കെ മതസഹിഷ്ണുതയുടെ നാടായിരുന്നു. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്ത് നട്ടാലം ഇലങ്കം ലെയ്നില്‍ ദേവകിയമ്മയുടെയും വാസുദേവന്‍ നമ്പൂതിരിയുടെ മകനായി ജനിച്ച നീലകണ്ഠപിള്ളയുടെ ഈശ്വരവിശ്വാസവും മികവും കണ്ടാണ് പാലസ് മാനേജരായിരുന്ന ശിങ്കം അണ്ണാവിയുടെ ശുപാര്‍ശയില്‍ പാലസ് അസിസ്റ്റന്റായി നിയമിക്കുന്നത്. ആയിടയ്ക്കായിരുന്നു കുളച്ചല്‍ യുദ്ധം നടന്നത്. യുദ്ധത്തില്‍ തോറ്റ ഡച്ച് പട ഇന്‍ഡോനേഷ്യയിലേക്ക് പോയി. അവരുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്ന ഡിലനോയിയെ യുദ്ധത്തടവുകാരനായി പിടിക്കുകയും ഒടുവില്‍ അയാളെ തിരുവിതാംകൂര്‍ സൈന്യത്തിന്റെ ജനറല്‍ ആക്കുകയും ചെയ്തു. ഡിലനോയിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് നീലകണ്ഠപിള്ള മതം മാറി ക്രിസ്ത്യാനിയായി ലസാറസ് (ലാസര്‍) എന്ന പേര് സ്വീകരിച്ചത്. ലാറ്റിന്‍ ഭാഷയില്‍ ദൈവത്തിനോട് അടുപ്പമുള്ളവന്‍ എന്നാണാ വാക്കിനര്‍ത്ഥം. അങ്ങനെയാണ് ദേവസഹായം പിള്ളയായത്. അയാള്‍ മതം മാറിയ പള്ളി പുനരുദ്ധരിക്കാന്‍ രാജാവിനെയോ കൊട്ടാരം അധികാരികളെയോ അറിയിക്കാതെ അനധികൃതമായി വന്‍ തോതില്‍ തേക്ക് മരം മുറിച്ച് നല്‍കിയതിനാണ് ദേവസഹായത്തെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നതും കുറ്റം തെളിയിക്കപ്പെട്ടതോടെ വധിക്കുന്നതും. ഇത് ‘ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍’ എന്ന ക്രിസ്ത്യന്‍ പ്രസിദ്ധീകരണത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് ഡോ. ടി.പി. ശങ്കരന് കുട്ടി നായര്‍ പറഞ്ഞു.
ശ്രീപത്മനാഭ ഭക്തജന സമിതി ജനറല്‍ കണ്‍വീനര്‍ ആയിരുന്ന എ. കസ്തൂരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, അനന്തപുരി ഹിന്ദു ധര്‍മപരിഷത് ചെയര്മാന് എം.ഗോപാല്‍, ചിന്താവേദി ജനറല്‍ സെക്രട്ടറി പ്രദീപ് ശ്രീധരന്, സരിന് ശിവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: