ചെന്നൈ: ഡിഎംകെയുടെ അഴിമതി നിറഞ്ഞ അധികാരത്തെ ചോദ്യം ചെയ്യുമ്പോഴെല്ലാം പുറത്തെടുക്കുന്ന സ്വതന്ത്ര തമിഴക വാദം ഇക്കാലത്ത് നടപ്പാവില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. ഡിഎംകെയെ ചോദ്യം ചെയ്യുമ്പോള്‍ തമിഴ്നാടിന് സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുന്ന പഴയ ട്രിക്ക് ഇനി വിലപ്പോകില്ലെന്നും അണ്ണാമലൈ വെല്ലുവിളിച്ചു.
ഇത് 1960കള്‍ അല്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അണ്ണാമലൈ ഓര്‍മ്മിപ്പിച്ചു. “ഡിഎംകെയിലെ മുന്‍ കാബിനറ്റ് മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ വിചാരണ നേരിടേണ്ടിവരുമ്പോള്‍ നിരാശ കൊണ്ട് ഇത്തരം ഭീഷണികള്‍ പണ്ട് നടത്തിയിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാതാവുമ്പോള്‍ സര്‍ക്കാരിന്റെ ജനപ്രിയത കുറയും. ഇതിനെ നേരിടാന്‍ ‘സ്വതന്ത്രതമിഴകം’ പോലുള്ള പ്രസക്തിയില്ലാത്ത ആശയങ്ങള്‍ക്ക് പിന്നാലെ പോകാതെ ഭരണം വേണ്ടത്ര ഫലിക്കാത്തതിന് ശരിയായ കാരണങ്ങള്‍ കണ്ടെത്തണമെന്നും അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസം നാമക്കലില്‍ നടന്ന ഡിഎംകെ യോഗത്തിലാണ് ഡിഎംകെ നേതാവ് എ. രാജ 60 വര്‍ഷം മുന്‍പുള്ള സ്വതന്ത്ര തമിഴ്നാടിന് വേണ്ടി വീണ്ടും സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാടിന് ആവശ്യമായ സ്വയം ഭരണാധികാരം നല്‍കണമെന്ന് നാമക്കല്‍ നടന്ന യോഗത്തില്‍ എ. രാജ പ്രധാനമന്ത്രി മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടിരുന്നു. തമിഴ്നാടിനെ കേന്ദ്രത്തിന്റെ ദയയില്‍ വിടുന്ന രീതി അനുവദിക്കാനാവില്ലെന്നും രാജ പ്രസ്താവിച്ചിരുന്നു.
നീലഗിരീസില്‍ നിന്നുള്ള എംപി കൂടിയായ രാജ മുഖ്യമന്ത്രി സ്റ്റാലിന് ഇരിക്കുന്ന വേദിയിലാണ് ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്തിയത്. “തങ്ങളുടെ നേതാവ് പെരിയാര്‍ മരണം വരെയും ഭാരതത്തില്‍ നിന്നും വേറിട്ട തമിഴ്നാടിന് വേണ്ടി വാദിച്ച നേതാവായിരുന്നെന്നും എന്നാല്‍ ഈ ആശയത്തെ പിന്നീടുള്ളവര്‍ മാറ്റിവെച്ച് ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും വേണ്ടി ഫെഡറലിസം സ്വകരിക്കുകയായിരുന്നു.” – രാജ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: