ദിസ്പൂർ: ഇന്ത്യയിൽ ജൂലൈ 10ന് ഈദ് ആഘോഷിക്കുമ്പോള്‍ പശുവിനെ ബലിയർപ്പിക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്)മേധാവി ബദ്റുദ്ദീന്‍ അജ്മല്‍. അസമിലെ കച്ചാർ ജില്ലയിൽ നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. അസമിലെ മുസ്ലിങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
ഹിന്ദുക്കൾ പശുക്കളെ മാതാവായി കണക്കാക്കുന്നു. അതിനാൽ അവയെ ഉപദ്രവിക്കുന്നതിൽ നിന്ന് പരമാവധി വിട്ടുനിൽക്കണമെന്ന് ബദ്റുദ്ദീൻ അജ്മൽ പറഞ്ഞു. കഴിയുന്നതും മുസ്ലീം സമുദയാത്തിൽപ്പെട്ടവർ ഈദ് അല്‍ ആദ ആഘോഷവേളയിൽ പശുവിനെ അറക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ഇന്ത്യയിലെ ഭൂരിപക്ഷസമുദായമാണെന്ന കാര്യം ഓര്‍മ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമിലെ ധുബ്രി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയും ജാമിയത്ത് ഉലമയുടെ സംസ്ഥാന പ്രസിഡന്‍റുമാണ് ബദ്റുദ്ദീൻ അജ്മൽ. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സെമിനാരിയായ ദാറുൽ ഉലൂം ദിയോബന്ദ് രണ്ട് വർഷം മുമ്പ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. അതേകാര്യമാണ് ഇവിടെ താനും ആവർത്തിക്കുന്നതെന്നും പശുക്കളെ ദയവായി ബലി നൽകരുതെന്നും അജ്മൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: