സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു നേരെ ‘ബോംബെറിഞ്ഞ’യാളെ മൂന്നു ദിവസമായിട്ടും പിടികൂടാനാവാത്തത് പോലീസിനെ നാണംകെടുത്തുകയും, സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. രാത്രിയില്‍ സ്കൂട്ടറില്‍ വന്ന് ആക്രമിച്ചയാളുടെ ദൃശ്യം സിസിടിവിയില്‍ തെളിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തത് ജനങ്ങളുടെ മനസ്സില്‍ പല സംശയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. മുഖം രക്ഷിക്കാന്‍ നല്കിയ വിശദീകരണങ്ങള്‍ പോലീസിന് വിഴുങ്ങേണ്ടി വരികയും, കസ്റ്റഡിയിലെടുത്തവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പറയേണ്ടി വരികയും ചെയ്തിരിക്കുകയാണ്. എകെജി സെന്റര്‍ ആക്രമിച്ചയാളെ പിടികൂടാനാവാതെ വന്നപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റു ചെയ്ത മറ്റൊരാളെ വിട്ടയ്ക്കേണ്ടി വന്ന സ്ഥിതിവിശേഷം പരിഹാസ്യമാണ്. ആക്രമണത്തിനു പിന്നില്‍ ഒന്നിലധികം പേരുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നിട്ടും കേസില്‍ ഇതുവരെ തുമ്പുണ്ടാക്കാന്‍ കഴിയാത്തത് പോലീസിന്റെ കാര്യക്ഷമതയില്ലായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കള്ളന് കപ്പലില്‍ തന്നെയാണെന്ന സംശയം ജനിപ്പിക്കുകയാണ്. ഇതിനിടെ കേരള പോലീസ് ലോകത്തിന് തന്നെ മാതൃകയാണെന്നു പറഞ്ഞ് ജനങ്ങളുടെ സാമാന്യബോധത്തെ തന്നെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. കുറെക്കാലമായി ഇത്തരം പ്രസ്താവനകളാണല്ലോ മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്.
എകെജി സെന്ററിനു നേരെ നടന്ന ബോംബേറില്‍ ഒരു കൊതുകിനു പോലും പരിക്കേല്‍ക്കാതിരുന്നതും, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് നടത്തിയ പാര്‍ട്ടി ഏതാണെന്നും സ്ഥലത്ത് പാഞ്ഞെത്തി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് പ്രഖ്യാപിച്ചതും ഇക്കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിലേക്ക് വെളിച്ചം വീശുന്നതാണ്. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ താന്‍ ഒറ്റയ്ക്ക് ചെറുത്തു തോല്‍പ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞതുപോലുള്ള ഒരു പ്രസ്താവനയാണ് ഇടതുമുന്നണി കണ്‍വീനര്‍ നടത്തിയത്. അബദ്ധം മനസ്സിലായതോടെ പ്രസ്താവന തിരുത്തേണ്ടിയും വന്നു. അക്രമി എകെജി സെന്ററിലേക്ക് വലിച്ചെറിഞ്ഞത് വെറുമൊരു പടക്കമായിരുന്നിട്ടും, അത് ബോംബാണെന്ന് മണിക്കൂറുകള്‍ക്കകം ലോകത്തോടു പ്രഖ്യാപിച്ചയാളെ ശരിയായി ചോദ്യം ചെയ്താല്‍ രഹസ്യം പുറത്തുവരും. അങ്ങനെ ചെയ്യാന്‍ കഴിയാത്തതിന്റെ ധര്‍മസങ്കടത്തിലാണ് പോലീസ്. വെറുതെയല്ല സ്കൂട്ടറില്‍ വന്ന അക്രമിയുടെ സിസിടിവി ദൃശ്യം സംഭവസ്ഥലത്തിന് വളരെയകലെയല്ലാത്ത ഒരിടത്ത് അപ്രത്യക്ഷമായെന്ന് പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അക്രമി ആരെന്ന് പോലീസിന് അറിയാതിരിക്കാന്‍ വഴിയില്ല. പക്ഷേ അറസ്റ്റു ചെയ്താല്‍ തെളിയുന്നത് മറ്റൊരു ചിത്രമായിരിക്കും. സംസ്ഥാന തലസ്ഥാനത്തു തന്നെയുള്ള ഒരു ഇടതുപക്ഷ സംന്യാസിയുടെ ആശ്രമം അഗ്നിക്കിരയാക്കിയതും, അത് ചെയ്തവരെ പിടികൂടാന്‍ കഴിയാതെ വന്നതും എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഈ സംഭവത്തെപ്പോലെ എകെജി സെന്റര്‍ ബോംബേറും ഒരു ഇന്‍സൈഡ് ജോബാണെന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിയമസഭയ്ക്കകത്തും പുറത്തും ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ പലതും ഗുരുതര സ്വഭാവമുള്ളതുമാണ്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ, മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കേണ്ടതില്ല എന്നൊക്കെയുള്ള വാചകമടികള്‍കൊണ്ട് പ്രതിരോധിക്കാന്‍ പറ്റാത്തവയാണ് ഇവയില്‍ പലതും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടിയില്ലാതെ മറ്റു വിഷയങ്ങള്‍ എടുത്തിട്ട് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചതും, മകള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള വന്‍ അഴിമതിയാരോപണങ്ങളോട് പ്രതികരിക്കാനാവാതെ അനാവശ്യമായി വികാരംകൊണ്ടതുമൊക്കെ സംസ്ഥാനത്തിന്റെ ഭരണാധിപന് അകപ്പെട്ടിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് കാണിക്കുന്നത്. സീസറുടെ ഭാര്യ ചാരിത്ര്യവതിയാണെന്ന് സീസറിനു മാത്രമല്ല പൊതുജനങ്ങള്‍ക്കും ബോധ്യമാവണമല്ലോ. ഭരണാധികാരിയെന്ന നിലയില്‍ പിണറായി വിജയനും ഇത് ബാധകമാണ്. പോലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും ഉപയോഗിച്ചാണ് മുഖ്യമന്ത്രി ഇതുവരെ സ്വയം പ്രതിരോധിച്ചു പോന്നത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസിനെ ഭരിച്ചിരുന്നയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് എത്തിയതോടെ അരങ്ങേറുന്ന ചില സംഭവങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് സത്യത്തെ കുഴിച്ചുമൂടാമെന്ന് കരുതുന്നത് മൗഢ്യമാണ്. അന്വേഷണത്തെ നേരിടൂ, നിരപരാധിത്വം തെളിയിക്കൂ എന്നു മാത്രമാണ് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: