പ്രൊഫ: ഡി.അരവിന്ദാക്ഷന്‍
കഴിഞ്ഞ എട്ടു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന കര്‍ഷകരക്ഷാപദ്ധതികള്‍ മൂലം രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ചാനിരക്ക് 4.2 ശതമാനമായി ഉയര്‍ന്നു. സമ്പദ്ഘടനയുടെ സമഗ്ര പുരോഗതിയ്‌ക്ക് കാര്‍ഷികമേഖലയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ച അത്യന്താപേക്ഷിതമാണ്. 2014-ന് മുമ്പുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷികരംഗം വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. 2014 വരെയുള്ള 67 വര്‍ഷക്കാലത്തിനുള്ളില്‍ രാജ്യം കൈവരിച്ച കാര്‍ഷികമേഖലയിലെ പുരോഗതി ഹരിത വിപ്ലവവും ധവളവിപ്ലവവും മാത്രമാണ്.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഭാരതത്തിന്റേതാണ്. കൊവിഡ് മഹാമാരി കാരണം 2021 മാര്‍ച്ചില്‍ ഇന്ത്യന്‍ സമ്പദ്ഘടന 7.2ശതമാനമായി ചുരുങ്ങി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന പേരില്‍ ആവിഷ്‌കരിച്ച അതിജീവന പദ്ധതികളിലൂടെ 2022 മാര്‍ച്ചില്‍ രാജ്യം 8.2 ശതമാനം വളര്‍ച്ച നേടി. ആത്മനിര്‍ഭര്‍ പദ്ധതികളുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നിരവധി സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അടിസ്ഥാനവികസനത്തിനായി പദ്ധതിച്ചെലവിന്റെ 75 ശതമാനം വരെ കൃഷിക്കാര്‍ക്കും അവരുടെ സ്വയം സഹായ സംഘങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സഹായധനം(സബ്‌സിഡി) നല്കി. കൃഷിരീതികള്‍ ആധുനികവത്കരിക്കുന്നതിന് യന്ത്രങ്ങള്‍ വാങ്ങാന്‍ 90 ശതമാനം വരെ സഹായധനം നല്കി. വിളകള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സംഭരണശാലകള്‍ സ്ഥാപിക്കാന്‍ വര്‍ധിച്ച തോതില്‍ വായ്പയും ഉയര്‍ന്ന നിരക്കില്‍ സബ്‌സിഡിയും അനുവദിച്ചു. കാര്‍ഷികോത്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്നു. നെല്ല്, ഗോതമ്പ്, കരിമ്പ് എന്നിവയുടെ താങ്ങുവില വര്‍ധിപ്പിച്ചു. നാല് ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്പകള്‍ നല്കി. വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. കാര്‍ഷിക മേഖലയിലെ നിരീക്ഷണങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡ്രോണ്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് 60 വയസ്സ് തികഞ്ഞ കൃഷിക്കാര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജന എന്നപേരില്‍ പ്രതിമാസ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തി. പദ്ധതി പ്രകാരം പ്രതിമാസം 55 രൂപ പെന്‍ഷന്‍ ഫണ്ടില്‍ അടയ്‌ക്കുന്ന കൃഷിക്കാര്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും. ഈ പദ്ധതിക്ക് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വമ്പിച്ച പ്രചാരവും ലഭിച്ചു.
മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍ഷകരക്ഷാ പദ്ധതി പി.എം.കിസാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്‌കീം ആണ്. കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 6000 രൂപ സൗജന്യമായി നിക്ഷേപിക്കുന്ന പദ്ധതിയാണിത്. 2019 ല്‍ നടപ്പാക്കിയ ഈ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് 18000 രൂപ നിക്ഷേപിച്ചു. കാര്‍ഷിക മേഖലയിലുണ്ടായ വളര്‍ച്ചയ്‌ക്ക് പ്രധാന കാരണം കൃഷിക്കാര്‍ക്ക് ഇപ്രകാരം ലഭിച്ച സഹായമാണ്. ഭാരതത്തില്‍ 14 കോടി കുടുംബങ്ങള്‍ കൃഷിയെ ആശ്രയിച്ച് കഴിയുന്നു. ഇതില്‍ 12 കോടിയും ചെറുകിട നാമമാത്ര കൃഷിക്കാരാണ്. വര്‍ഷംതോറും 6000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യങ്ങള്‍ ഒന്‍പതര കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ലഭിക്കുന്നു.
ഭാരതത്തില്‍ ഏകദേശം 26 കോടി കര്‍ഷക കുടുംബങ്ങളാണുള്ളത്. ഇതില്‍ 25 കോടി കുടുംബങ്ങള്‍ക്ക് വീടുകളുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ഒന്നരക്കോടി കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. ഇങ്ങനെ വീടുകള്‍ ലഭിച്ചവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യന്‍ ഗ്രാമങ്ങളിലെ നാമമാത്ര കൃഷിക്കാരാണ്. 2024 ന് മുമ്പ് ഒരു കോടി ആളുകള്‍ക്ക് കൂടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയുടെ ശാസ്ത്രീയവും സാങ്കേതികവുമായ അഭിവൃദ്ധി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടും. കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് രാജ്യത്തിനകത്തും പുറത്തും വിപണനം ചെയ്യുന്നത് മൂലം കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിക്കും.
നേരത്തെ കൃഷിമന്ത്രാലയത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കേന്ദ്ര സഹകരണ വകുപ്പ് ഇപ്പോള്‍ സഹകരണ മന്ത്രാലയം രൂപീകരിച്ച് കൂടുതല്‍ ഫലപ്രദമാക്കാന്‍ തീരുമാനിച്ച നടപടി കാര്‍ഷികമേഖലയിലെ പുരോഗതിയ്‌ക്ക് ആക്കംകൂട്ടും. രാജ്യത്തെ നിരവധി ബാങ്കുകളും ഭൂവികസന ബാങ്കുകളും കാര്‍ഷികോല്‍പ്പന്ന സംസ്‌കരണ വിപണന സംരംഭങ്ങളും വന്‍തോതില്‍ സഹകരണമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ കാര്‍ഷികമേഖലയുടെ പുരോഗതിയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. കാര്‍ഷികമേഖലയുടെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൃഷി-സഹകരണമന്ത്രാലയത്തിലൂടെ ആവിഷ്‌കരിച്ച പദ്ധതികള്‍ കാര്‍ഷിക വളര്‍ച്ച ത്വരിതപ്പെടുത്തും. അന്തര്‍ സംസ്ഥാന സഹകരണസംഘങ്ങള്‍ രൂപീകരിച്ചുകൊണ്ട് കൃഷി, പാലുല്‍പാദനം, പൗള്‍ട്രി, ഫിഷറീസ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ മേഖലകളിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പുരോഗതിയ്‌ക്ക് ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: