പാലക്കാട്: അട്ടപ്പാടിയില്‍ വനവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തിന്റെ ചൂടാറും മുമ്പുതന്നെയാണ് ഇവിടെ മറ്റൊരു യുവാവിനെയും മര്‍ദ്ദിച്ചു കൊന്നത്. മോഷണം നടത്തി എന്നാരോപിച്ചായിരുന്നു മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നതെങ്കില്‍ തോക്കു വ്യാപാരത്തിന്റെ പേരിലാണ് നന്ദകിഷോര്‍ എന്ന യുവാവിനെ കുറുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ടുള്ളത്.
തോക്കുവാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി നന്ദകിഷോറും സുഹൃത്ത് വിനയനും ചേര്‍ന്ന് ഒരു ലക്ഷം രൂപ വാങ്ങിയെങ്കിലും വാക്കുപാലിച്ചില്ലെന്ന കാരണത്തിലാണ് പത്തോളം പേരടങ്ങുന്ന സംഘം നന്ദകിഷോറിനെ മര്‍ദ്ദിച്ചവശനാക്കി ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവാവ് മരണമടഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി മര്‍ദ്ദനമേറ്റ വിനയനെ ആദ്യം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശു പത്രിയിലും പ്രവേശിപ്പിച്ചു.
കഞ്ചാവ് – മയക്കുമരുന്ന് മാഫിയ അട്ടപ്പാടിയില്‍ പിടിമുറുക്കുന്നുവെന്ന് ഏറെക്കാലമായി ആരോപണങ്ങളുണ്ട്. നന്ദകിഷോറിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പിടിയിലായ ആറു പ്രതികളില്‍ അഞ്ചു പേരും 25 വയസില്‍ താഴെ മാത്രം പ്രായമുളളവരാണ്. ഒരാള്‍ക്ക് 33 വയസും. ഇവര്‍ തോക്ക് വാങ്ങാന്‍ തീരുമാനിച്ചതിനുപിന്നിലെ ഉദ്ദേശം വ്യക്തമല്ല. മദ്യത്തിനു നിയന്ത്രണമുള്ള പ്രദേശമാണ് അട്ടപ്പാടി. എന്നാല്‍ ഇവിടെ മദ്യവും കഞ്ചാവുമൊക്കെ യഥേഷ്ടം ലഭ്യമാണെന്നത് പരസ്യവുമാണ്.
നേരത്തെ മലനിരകളില്‍ കഞ്ചാവു കൃഷി തകൃതിയായി നടന്നിരുന്ന പ്രദേശം കൂടിയാണ് അട്ടപ്പാടി. മാവോയിസ്റ്റ് സാന്നിധ്യവും ഇവിടെ ഇടയ്‌ക്കിടെ ഉണ്ടാവാറുണ്ട്. ചന്ദന മോഷണ സംഭവങ്ങളും കുറവല്ല. കഴിഞ്ഞ ദിവസം പോലും 36 കിലോ ചന്ദനക്കാതലുമായി ഷോളയൂര്‍ കരിപ്പതിയില്‍ നിന്ന് ആറുപേരെ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: