‘വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കേണ്ടത് സത്യത്തെയായിരിക്കണം. സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് സത്യം മാത്രമേ പഠിപ്പിച്ചു കൊടുക്കാവൂ’ പ്രശസ്ത സാഹിത്യകാരനും, സരസ്വതി സമ്മാന്‍ പുരസ്ക്കാര ജേതാവുമായ ഡോ. എസ് എല്‍ ബൈരപ്പ അഭിപ്രായപ്പെട്ടു. കര്‍ണ്ണാടക സ്റ്റേറ്റ് സിലബസ് പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യയശാസ്ത്ര പ്രചോദിതരായ എഴുത്തുകാരും ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ക്ക് യാതൊരു വിശ്വാസ്യതയോ അടിസ്ഥാനമോ ഇല്ല. അദ്ദേഹം പറഞ്ഞു.
‘സത്യം പറയുന്ന ഏതൊരു സര്‍ക്കാരിനേയും അവര്‍ എതിര്‍ക്കും. ദശാബ്ദങ്ങളായി യുവ മനസ്സുകളില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിയ്ക്കുന്ന പ്രത്യയ ശാസ്ത്ര സിലബസ്സുകളെ നീക്കം ചെയ്യാനുള്ള ഏതൊരു നീക്കത്തേയും അവര്‍ എതിര്‍ക്കും’ അദ്ദേഹം പറഞ്ഞു. ‘അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആധികാരികമായ ചരിത്രവും സാമൂഹ്യ പാഠവും പഠിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ആ സമയത്തും ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുകയും പരുക്കന്‍ നിലവിളികള്‍ ഉയര്‍ത്തുകയും ചെയ്തു. നിക്ഷിപ്ത താല്‍പ്പര്യക്കാരും, പ്രത്യയശാസ്ത്ര പ്രേരിതരുമായ ചില ചരിത്രകാരന്മാര് എഴുതിവച്ച വസ്തുതാ പരമായി തെറ്റായ ചരിത്രത്തെ നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ എതിര്ക്കാതിരിയ്ക്കാന് അവര്‍ക്ക് കഴിഞ്ഞില്ല.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴും പലരും ഈ പേരില്‍ അവാര്‍ഡ് വാപസി എന്ന ക്ഷുദ്രപ്രചരണം പുറത്തെടുത്തു’.
ചരിത്രം വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരിയ്ക്കണം. എന്തെങ്കിലും തരത്തില്‍ വളച്ചൊടിച്ചാല്‍ അത് സാങ്കല്പിക ചരിത്രമായി മാറും. വോട്ടിനുവേണ്ടി യുവമനസ്സുകളെ ബ്രെയിന്‍വാഷ് ചെയ്യുന്നതിനുള്ള ഒളിയജണ്ടയുമായി പാഠപുസ്തകങ്ങള്‍ എഴുതുകയും അംഗീകരിയ്ക്കുകയും ചെയ്തിരുന്ന ചരിത്രകരന്മാരുടെ കൃതികളാണ് കുട്ടികള്‍ ഇക്കാലമത്രയും പഠിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ ആഗ്രഹത്തിനനുസരിച്ച് ചരിത്രകാരന്മാര് ചരിത്ര വിവരണം നല്‍കുകയായിരുന്നു. വിദ്യാഭ്യാസത്തില്‍ പ്രത്യയശാസ്ത്രത്തിന് സ്ഥാനമില്ല. സത്യത്തിന് മാത്രമേ സ്ഥാനമുള്ളൂ’ അദ്ദേഹം പറഞ്ഞു
ദല്‍ഹിയില്‍ എന്‍സിആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ്) യിലെ തന്റെ ഔദ്യോഗിക ദിനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ഡോ ബൈരപ്പ പറഞ്ഞു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അവര്‍ ദേശീയോദ്ഗ്രഥന ചട്ടങ്ങള്‍ ആവിഷ്ക്കരിയ്ക്കുകയും, അതിന്റെ ഭാഗമായി ജി പാര്‍ത്ഥസാരഥി അദ്ധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിയ്ക്കുകയും ചെയ്തു. അദ്ദേഹം ഇന്ദിരാഗാന്ധിയുടെ പോളിസി ഉപദേഷ്ടാവ് മാത്രമായിരുന്നില്ല അവരുടെ വിശ്വസ്തനും നെഹ്രു കുടുംബത്തോട് അടുപ്പമുള്ളയാളുമായിരുന്നു.
‘പിന്നീട് പാര്‍ത്ഥസാരഥി ഒരു അഞ്ചംഗ സമിതിയെ നിയമിച്ചു. നാഷണല്‍ സിലബസ് റിവിഷന്‍ കമ്മിറ്റി എന്ന ആ സമിതിയില്‍ ഞാനും ഒരംഗമായിരുന്നു. സമിതിയുടെ ആദ്യത്തെ മീറ്റിംഗില്‍ തന്നെ ചരിത്രത്തിന്റെയും സാമൂഹ്യ പാഠത്തിന്റെയും ടെക്സ്റ്റ് ബുക്കുകള്‍ ശുദ്ധീകരിയ്ക്കാന്‍ പാര്‍ത്ഥസാരഥി ഞങ്ങളോട് ആവശ്യപ്പെട്ടു. എന്താണ് യഥാര്‍ത്ഥത്തില്‍ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് മാറ്റേണ്ടത് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു’
‘അതിനുത്തരമായി പാര്‍ത്ഥസാരഥി പറഞ്ഞത് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പുണ്യസ്ഥാനമായി കരുതുന്ന വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെ നൂറുക്കണക്കിന് ക്ഷേത്രങ്ങള്‍ മുഗള്‍ ഭരണാധികാരി ഔറംഗസേബ് നശിപ്പിച്ചിട്ടുണ്ടെന്ന് പാഠപുസ്തകങ്ങളില്‍ പറയുന്നു. യുവ മനസ്സുകളെ മലിനമാക്കുന്ന ഇത്തരം സംഭവങ്ങള്‍ ചരിത്ര പുസ്തകങ്ങളില്‍ ആവശ്യമുണ്ടോ എന്ന് പാര്‍ത്ഥസാരഥി എന്നോട് ചോദിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു. അപ്പോള്‍ ഔറംഗസേബ് കാശി വിശ്വനാഥ ക്ഷേത്രം നശിപ്പിച്ചിട്ടില്ലേ എന്ന് ഞാന്‍ പാര്‍ത്ഥസാരഥിയോട് തിരിച്ചു ചോദിച്ചു. അതിന് അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല’
നാഷണല്‍ സിലബസ് റിവിഷന്‍ കമ്മിറ്റിയുടെ നടപടികള്‍ വിശദീകരിച്ചു കൊണ്ട് ബൈരപ്പ പറഞ്ഞു, ‘വാരണാസിയിലെ മോസ്ക്കിനെ നോക്കി കിടക്കുന്ന നന്തി വിഗ്രഹം കാണുന്ന ഒരാള്‍ എന്തായിരിക്കും അനുമാനിക്കുക എന്ന് ഞാന്‍ പാര്‍ത്ഥസാരഥിയോട് ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ നാളെ അദ്ധ്യാപകരോട് ഇക്കാര്യം ചോദിച്ചാല്‍ എന്താണ് ഉത്തരം ? ഈ ചോദ്യങ്ങള്‍ക്ക് പാര്‍ത്ഥസാരഥിയുടെ പക്കല്‍ ഉത്തരമുണ്ടായിരുന്നില്ല. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് നയിച്ചിട്ട് എന്നോട് പറഞ്ഞു ‘താങ്കള്‍ കര്‍ണ്ണാടകയില്‍ നിന്നാണ്, ഞാന്‍ തമിഴ്നാട്ടില്‍ നിന്നും. നമ്മള് സഹോദരങ്ങളെ പോലെ ആയിരിയ്ക്കണം. നമ്മള് തമ്മില്‍ പോരടിയ്ക്കാന്‍ പാടില്ല’
പാര്‍ത്ഥസാരഥി പറഞ്ഞത് കേട്ടിട്ട് ഞാന്‍ പുറത്തേക്ക് പോയി.
‘പതിനഞ്ചു ദിവസം കഴിഞ്ഞ് നടന്ന അടുത്ത മീറ്റിങ്ങില്‍ വച്ച് ഞാന്‍ വീണ്ടും അതേ ചോദ്യങ്ങള്‍ ഉന്നയിച്ചു. കാരണം നേരത്തേ അവയ്ക്കുള്ള ഉത്തരം എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. അവിടെ വച്ചുതന്നെ പാര്‍ത്ഥസാരഥി മീറ്റിംഗ് അവസാനിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം നാഷണല്‍ സിലബസ് റിവിഷന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു എന്നറിയിച്ചു കൊണ്ട് ഒരു സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ടു. അതില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല’ ഡോ ബൈരപ്പ അനുസ്മരിച്ചു.
‘അഞ്ചംഗ സമിതി എന്ന ഘടന നിലനിര്‍ത്തിക്കൊണ്ട് എനിക്കു പകരം ഇടതു സഹയാത്രികനായ ഒരു ചരിത്രകാരനെ ആ സ്ഥാനത്ത് നിയമിച്ചു. ഈ കമ്മിറ്റി ചരിത്രസാമൂഹ്യ പാഠ പുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. യഥാര്‍ത്ഥ ചരിത്രത്തെ വിദ്യാര്‍ത്ഥികളില്‍ നിന്നും മറച്ചു വച്ചു. എല്ലാ പാഠങ്ങളും ഇടത് പ്രത്യയ ശാസ്ത്രത്തിന് അനുകൂലമാക്കി മാറ്റി. ആധികാരിക ചരിത്രത്തെ വിട്ടുകളഞ്ഞു. വൈദേശിക അധിനിവേശകരെ നായകരാക്കി ചിത്രീകരിച്ചു. ഇന്ത്യയുടെ യഥാര്‍ത്ഥ നിധികളായ ചരിത്രവും ജ്ഞാനവും ഈ പുസ്തകങ്ങളില്‍ ഇടം കണ്ടെത്തിയില്ല. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സ് ആയിരുന്നതു കൊണ്ട്, എല്ലാവരും ഈ സിലബസ്സിനെ സൗമ്യമായി അംഗീകരിച്ചു. ആരും പ്രതിഷേധിച്ചില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടിനു വേണ്ടി അക്കാദമിക രംഗം നശിപ്പിച്ചിരിയ്ക്കുകയാണ്. ശ്രദ്ധേയനായ സാഹിത്യ നായകന് പറയുന്നു. ‘അജണ്ടകളാല്‍ നയിയ്ക്കപ്പെടുന്ന ചരിത്രകാരന്മാരും, അക്കാദമിക വിദഗ്ദരും, വോട്ട് ബാങ്കില്‍ മാത്രം കണ്ണുനട്ടിരിയ്ക്കുന്ന രാഷ്ട്രീയക്കാരും ചേര്‍ന്ന് യുവമനസ്സുകളെ വികലമാക്കിയിരിയ്ക്കുന്നു’. ഖേദത്തോടെ എസ് എല്‍ ബൈരപ്പ പറഞ്ഞു നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: