തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് പടക്കം എറിഞ്ഞതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് പോലീസ്. സ്ഥലത്തെ കുറിച്ച് കൃത്യമായി അറിവുള്ള വ്യക്തിയാണ് പടക്കം ഏറ് നടത്തിയത്. ഒരു മിനിറ്റും 32 സെക്കന്‍ഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും പടക്കം എറിയുന്നതിനും എടുത്തിരിക്കുന്നത്. പടക്കം ഏറ് നടത്തിയപ്പോള്‍ എകെജി സെന്ററിന് മുന്നില്‍ പോലീസിന്റെ പെട്രോളിങ് വാഹനം ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടയുള്ള സ്ഫോടനം നടന്നിട്ടില്ലെന്നാണ് ഇവര്‍ ആദ്യം മൊഴി നല്‍കിയത്. ഓലപടക്കം പൊട്ടുന്ന സൗണ്ട് മാത്രമാണ് ഉണ്ടായത്. അതാണ് ഈ സംഘത്തെ പോലീസ് പിന്തുടരാത്തത്. തുടര്‍ന്ന് പാര്‍ട്ടി ഔദ്യോഗികമായി പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് അന്വേഷണം ആരംഭിച്ചത്.
ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഐപിസി 436 അനുസരിച്ചുള്ള തീവയ്പ്പിന് 10 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) അനുസരിച്ച് പത്തുവര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്ഫോടകവസ്തു എറിഞ്ഞ പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്..
പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറും പ്രതികരിച്ചു. സംഭവത്തിന് ശേഷം പോലീസിന് ലഭിച്ച ആദ്യ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖമോ ബൈക്കിന്റെ നമ്പറോ വ്യക്തമല്ല. സ്ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാള്‍ മടങ്ങിയ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല.
എ.കെ.ജി സെന്ററില്‍ നിന്ന് കുന്നുകുഴി വരെയുള്ള റോഡിലെ സി.സി.ടി.വികള്‍ പൊലീസ് പരിശോധിക്കും. പ്രതി ബൈക്കില്‍ എ.കെ.ജി സെന്ററിലേക്ക് എത്തിയതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണ്. ഈ വഴിയൂടെ എ.ഡി.ജി.പി വിജയ് സാഖറെ പരിശോധന നടത്തി. ഇതിനുശേഷമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: