സോള്‍: ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണ് തങ്ങളുടെ രാജ്യത്ത് കൊവിഡ് പടര്‍ത്തിയെന്ന് വിചിത്ര വാദവുമായി ഉത്തര കൊറിയ. രാജ്യത്ത് കൊറോണയ്ക്ക് എതിരെ കര്‍ശന നിയന്ത്രങ്ങള്‍ സ്വീകരിച്ചിട്ടും രോഗ വ്യാപനത്തിന് കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നും പറന്നുവന്ന ബലൂണുകളാണെന്ന് നോര്‍ത്ത് കൊറിയന്‍ അധികൃതര്‍ പ്രതികരിച്ചത്.
ഉത്തര കൊറിയയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ ഇഫോയില്‍ കൊവിഡ് പകര്‍ച്ചയുടെ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ എപിഡെമിക് പ്രിവന്‍ഷന്‍ സെന്റര്‍ കണ്ടെത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം.
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന 18 വയസ്സുകാരനായ സൈനികനും അതിര്‍ത്തിയ്ക്കടുത്ത് താമസിക്കുന്ന അഞ്ച് വയസ്സുകാരിക്കുമാണ് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ആദ്യവാരമായിരുന്നു ഇത്. പിന്നാലെ രാജ്യത്ത് കൊവിഡ് വ്യാപിക്കുകയായിരുന്നു എന്നാണ് വടക്കന്‍ കൊറിയ പറയുന്നത്. ദക്ഷിണ കൊറിയയെ പേരെടുത്ത് പറയുന്നില്ലെങ്കിലും അവിടെ നിന്നെത്തിയ വസ്തുക്കളാണ് രോഗവ്യാപനത്തിന് കാരണമെന്ന് പറയുന്നുണ്ട്.
ഉത്തര കൊറിയയിലെ ഏകാധിപത്യത്തിനെതിരെ നിലപാടെടുക്കുന്ന ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകളടക്കമുള്ളവര്‍ അതിര്‍ത്തി വഴി ബലൂണുകളും മറ്റും ഉത്തര കൊറിയയിലേക്ക് പറപ്പിച്ച് വിടുന്ന പതിവുണ്ട്. നോട്ടീസുകളും വടക്കന്‍ കൊറിയന്‍ പൗരന്മാര്ക്കുള്ള സഹായവുമെല്ലാം ഇങ്ങനെ അയയ്ക്കാറുണ്ട്. കിം ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ ഇത്തരം നോട്ടീസുകളിലുണ്ടാകാറുണ്ട്. കൊവിഡ് കാലത്ത് സഹായങ്ങളയക്കുന്നതായി വ്യക്തമാക്കി ഇത്തരത്തില്‍ ബലൂണുകള്‍ അയച്ചിരുന്നു. ഇതില്‍ നിന്നാകാം രോഗം പകര്‍ന്നതെന്ന് പറയപ്പെടുന്നു.
ഇഫോ നഗരത്തിലുള്ള ചിലര്‍ ഏപ്രില്‍ മാസത്തില്‍ ഏലിയന്‍ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും അതിന് പിന്നാലെ ഇവര്‍ക്ക് ഒമിക്രോണ്‍ രോഗബാധ കണ്ടെത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, ദക്ഷിണ കൊറിയന്‍ ബലൂണുകള്‍ കാരണം നോര്‍ത്ത് കൊറിയയില്‍ കൊവിഡ് പടരാന്‍ ഒരു സാധ്യതയുമില്ലെന്ന് അവരുടെ യൂണിഫിക്കേഷന് മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: