തിരുവനന്തപുരം : കെട്ടിട നികുതി വകമാറ്റി സ്വന്തം പേരിലാക്കിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍. വിഴിഞ്ഞം വില്ലേജ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ബി.കെ. രതീഷാണ് പിടിയിലായത്. തട്ടിപ്പ് പുറത്തുവന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയാണ്. രതീഷ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതോടെയാണ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം വില്ലേജ് ഓഫീസില്‍ കെട്ടിട നികുതി അടയ്ക്കുന്ന ഉപഭോക്താക്കളില്‍ നിന്നും രതീഷ് പണം വാങ്ങി രസീത് നല്കി വിട്ടയയ്ക്കും. പിന്നീട് ഓണ്‍ലൈനായി കയറി രസീത് ക്യാന്‍സല്‍ ചെയ്താണ് ഇയാള്‍ പണം തട്ടിയിരുന്നത്. കെട്ടിട നികുതിയിനത്തില്‍ മാത്രം 6,30,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
57 പേരുടെ കെട്ടിട നികുതിയാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയില്‍ പെട്ടതോടെ രതീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് ഊരൂട്ടമ്പലം പോപ്പുലര്‍ ജംഗ്ഷനിലെ വീട്ടില്‍ നിന്നാണ് രതീഷിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: