ഹൈദരാബാദ്: മൂന്നു ദിവസത്തെ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ തുടങ്ങും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ശക്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
ജൂലൈ മൂന്നിന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്താനാണ് തെലങ്കാന ബിജെപി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ഇന്ന് വൈകിട്ടു ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തോടെ നിര്‍വാഹക സമിതി യോഗത്തിനു തുടക്കമാകും. രാവിലെ ഹൈദരാബാദിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ഇന്നു നദ്ദയുടെ റോഡ് ഷോ ഷംഷാബാദില്‍ നടക്കും.
നാളെ രാവിലെ മുതലാണ് ദേശീയ നിര്‍വാഹക സമിതി യോഗം. ദേശീയ ഭാരവാഹികള്‍, ദേശീയ നിര്‍വാഹക സമിതിയംഗങ്ങള്‍, സംസ്ഥാന അധ്യക്ഷന്മാര്, സംസ്ഥാന സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. ജൂലൈ മൂന്നിന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് അറിയിച്ചു. രണ്ടിന് വൈകിട്ട് ഹൈദരാബാദിലെത്തുന്ന പ്രധാനമന്ത്രി മൂന്നിനു രാത്രി മടങ്ങും.
കേരളത്തില്‍ നിന്ന് ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്, ഇ. ശ്രീധരന്, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്, സഹ സംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: