കാസര്‍കോട്: പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി ക്വട്ടേഷന്‍ സംഘത്തിന്റെ രഹസ്യത്താവളത്തില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ വലക്ക് പുറത്ത്. ക്വട്ടേഷന്‍ നല്‍കിയവരും. ക്രൂരമായി മര്‍ദ്ദിച്ച് കൊന്നവരും സുരക്ഷാകേന്ദ്രങ്ങളില്‍. കേസിലെ മുഖ്യപ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. എയര്‍പോര്‍ട്ടുകളില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കാന്‍ വൈകിയത് മൂലമാണ് പ്രതികളില്‍ ചിലര്‍ ഗള്‍ഫിലേക്ക് രക്ഷപ്പെട്ടത്.
മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെനുത്തലയിലെ ഇരുനില വീട്ടില്‍ വര്‍ഷങ്ങളായി ക്വട്ടേഷന്‍ സംഘം പലരെയും തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ച് മൃഗീയമായി അക്രമിക്കുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ വീട് സീല്‍ ചെയ്യാനോ, ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനോ പോലീസിന് കഴിയാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗള്‍ഫിലെ ഇടപാടുമായി ബന്ധപ്പെട്ടും സ്വര്‍ണ്ണ കള്ളക്കടത്ത് സംബന്ധിച്ചുമാണ് ക്വട്ടേഷനുകള്‍ ഏറെയും. ഈ വീട് കേന്ദ്രീകരിച്ച് നിരവധി പേര്‍ക്കാണ് ഗുരുതരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുള്ളത്. ആറ് മാസം മുന്‍പാണ് ലീസിന് വീട് വാങ്ങിയത്.
സ്വര്‍ണം, പണം ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ട് വന്ന് മര്‍ദ്ദിച്ച് രേഖകള്‍ വാങ്ങുന്നത്. മദ്യക്കുപ്പികളുടെയും മയക്കുമരുന്നിന്റെയും സ്റ്റോക്കും ഇവിടെയുണ്ട്. മര്‍ദ്ദിക്കുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ബന്ദിയാക്കപ്പെടുന്നവരെ ഇതിനടുത്തുള്ള ബോളം കൈ എന്ന വിജനമായ സ്ഥലത്ത് കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ദേഹോപദ്രവത്തിന് പുറമെ ഷോക്കടിപ്പിക്കുകയും മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്യുകയാണെന്നും വിവരമുണ്ട്.
ഗുണ്ടാസംഘത്തെ ഭയന്ന് പലരും പോലീസില്‍ പരാതി നല്‍കാറില്ല. സിദ്ദീഖിനെ മര്‍ദ്ദിച്ച് മരണം ഉറപ്പാക്കിയശേഷമാണ് സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന സഹോദരന്‍ അന്‍വറിനെയും ബന്ധു അന്‍സാരിയെയും ഒരു കാറില്‍ കയറ്റി കൈവശം 1500 രൂപയും നല്‍കി പ്രശ്‌നം തീര്‍ന്നുവെന്ന് പറഞ്ഞ് പൈവളിഗെയില്‍ ഇറക്കിയത്. ഇവിടെ നിന്ന് ഇരുവരും ഓട്ടോയില്‍ മുഗുവിലെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് സിദ്ദീഖിന്റെ മൃതദേഹം ബന്തിയോട്ടെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി അറിയുന്നത്. എന്നാല്‍ ഗുണ്ടാസംഘങ്ങളുടെ താവളം മണത്തറിയാന്‍ പോലീസിന് കഴിയാത്തതാണ് യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: