ജയ്പൂര്‍ : ഉദയ്പൂരില്‍ തയ്യല്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. കേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയങ്ങളെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്തത്. ഉദയ്പൂരിലെത്തിയ എന്‍ഐഎ പ്രത്യേക സംഘം ഇന്ന് പ്രതികളെ ചോദ്യം ചെയ്യും.
കൊലയാളികളില്‍ ഒരാള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. കൂടാതെ ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. മുഹമ്മദ് ഗൗസ്. റിയാസ് എന്നിവരാണ് കേസിലെ പ്രതികള്‍. മുഹമ്മദിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇയാളുടെ പാക് ബന്ധം പുറത്തുവന്നത്. കേസില്‍ ആകെ ഏഴ് പേര് കസ്റ്റഡിയിലുണ്ട്. ഉദയ്പൂരില്‍ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഉദയ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. രാജസ്ഥാന് തീവ്രവാദ വിരുദ്ധ സംഘവുമായി ചേര്‍ന്നാണ് എന്‍ഐഎ കേസില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: