മുംബൈ: രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവര്‍ണറെ കണ്ടേക്കും. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ രാത്രി രാജിപ്രഖ്യാപനം നടത്തിയതോടെയാണ് ഇന്ന് നടക്കേണ്ടിയിരുന്ന വിശ്വാസ വോട്ടെടുപ്പ് ഒഴിവായത്. അതിനിടെ വിമത ശിവസേന എംഎല്‍എമാരോട് ഉടന്‍ മുംബൈയില്‍ എത്തേണ്ടതില്ലെന്ന് ബിജെപി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ദിവസം എത്തിയാല്‍ മതിയെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ബുധനാഴ്ച മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലില്‍ ബിജെപി നിയമസഭാ കക്ഷിയോഗം ചേരുന്നതിനിടയിലാണ് സന്തോഷ വാര്‍ത്ത എത്തുന്നത്. സുപ്രീം കോടതി ഗവര്‍ണര്‍ നിര്‍ദേശിച്ച വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ നടത്താന്‍ വിധിച്ചു. തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെയുടെ വാര്‍ത്താസമ്മേളനവും രാജിപ്രഖ്യാപനവും.
അതോടെ താജ് പ്രസിഡന്റ് ഹോട്ടലിലെ ബിജെപി ക്യാമ്പില്‍ ആഹ്ളാദാരവം ഉയര്‍ന്നു. പിന്നെ മധുരപ്പലഹാര വിതരണമായിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ ലഡു ഫഡ്നാവിസിന് നല്കി. ഇതിനിടെ മുംബൈയിലും താനെയും പുനെയിലുമെല്ലാം ബിജെപി പ്രവര്‍ത്തകര്‍ ആഹ്ളാദാരവം തുടരുകയാണ്. വെടിക്കെട്ടും പ്രകടനവും മുദ്രാവാക്യം വിളിയും അവസാനമില്ലാതെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: