ജയ്പൂര്‍: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടെന്ന പേരില്‍ തയ്യല്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍. പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് അറിയിച്ചു.
ജനങ്ങള്‍ക്കിടയില്‍ ഭീകരത പടര്‍ത്താനായാണ് കനയ്യ ലാലിനെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രണ്ട് പ്രതികളുടെയും രാജ്യാന്തര ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളും. ഇന്ന് ഉന്നതതല യോഗം ചേര്‍ന്നതായും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ക്ക് ഭീകര ബന്ധമുള്ളതായി നേരത്തെ തന്നെ സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിക്കി. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. രാജസ്ഥാന് ആന്റി ടെററിസം സ്ക്വാഡുമായി സഹകരിച്ചാണ് പോലീസ് അന്വേഷണം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുത്. പോലീസും ഭരണകൂടവും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം. ജനങ്ങള്‍ സഹകരിക്കണമെന്നും ഗേഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയാണ് രണ്ടംഗ അക്രമികള്‍ ധന്മണ്ഡിയിലെ സുപ്രീം ടെയ്ലേഴ്സ് എന്ന തയ്യല്‍ കട ഉടമ കനയ്യ ലാലിനെ (48) വെട്ടിക്കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ രാത്രി അറസ്റ്റും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: