മിലാന് (ഇറ്റലി): ദാരിദ്ര്യത്തോട് പടവെട്ടി കഠിനാദ്ധ്വാനത്തിലൂടെ അതിസമ്പന്നനായി ലോകത്തെ കണ്ണട ധരിപ്പിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ. എണ്‍പത്തിയേഴ് വര്‍ഷം നീണ്ട വെക്കിയൊയുടെ ജീവിതം ശൂന്യതയില്‍ നിന്ന് ബിസിനസ്സ് സാമ്രാജ്യം സൃഷ്ടിച്ച കഷ്ടതകളുടെയും പോരാട്ടത്തിന്റെയും ചരിത്രം കൂടിയാണ്.
തലമുറകളുടെ വ്യത്യാസമില്ലാതെ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ച ബ്രാന്‍ഡായിരുന്നു റെയ്ബാന്‍. സണ്‍ഗ്ലാസുകളെ റെയ്ബാന്‍ ബ്രാന്‍ഡിലൂടെ ആഢംബരത്തിന്റെയും ഫാഷന്റെയും അടയാളമാക്കി മാറ്റാന്‍ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊയ്ക്കായി. ഇറ്റലിയിലെ മിലാനില്‍ ഒരു ദരിദ്ര കുടുംബത്തില്‍ 1935-ലാണ് ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊയുടെ ജനനം. ലിയനാര്‍ഡൊയുടെ ജനനത്തിന് മുമ്പ് അച്ഛന് മരിച്ചു.
കടുത്ത ദാരിദ്ര്യത്തില്‍ മറ്റുമക്കള്ക്കൊപ്പം ലിയനാര്‍ഡൊയുടെ കൂടെ സംരക്ഷണം സാധ്യമല്ലായിരുന്നതിനാല്‍ അമ്മ അദ്ദേഹത്തെ ഒരു അനാഥാലയത്തില്‍ ഏല്‍പ്പിച്ചു. ഏഴാം വയസ് മുതല്‍ ഒരു അനാഥാലയത്തിലായിരുന്നു വളര്‍ന്നത്. പതിനാലാമത്തെ വയസ്സില്‍ ജോലികള്‍ക്കായി പോയി തുടങ്ങി. പിന്നീട് ഒരു ലോഹ ആയുധ നിര്‍മാണ കമ്പനിയില്‍ സഹായിയായി. ഇവിടെ നിന്നു ലഭിച്ച അറിവ് കണ്ണട നിര്‍മാണത്തില്‍ ഉപയോഗിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായി.
കണ്ണട വ്യവസായത്തിന്റെ കേന്ദ്രമായ അഗോര്‍ഡോയിലേക്ക് 1961ല്‍ ഡെല്‍ വെക്കിയൊ താമസംമാറ്റി. 1967-ല്‍ മറ്റൊരാളുമായി ചേര്‍ന്ന് ലക്സോട്ടിക്ക എന്ന ബ്രാന്‍ഡില്‍ അദ്ദേഹം കണ്ണട ഫ്രെയിമുകള്‍ വില്ക്കാന് ആരംഭിച്ചു. തുടര്‍ന്ന് സ്വന്തമായി കമ്പനി രൂപീകരിച്ച് കണ്ണടകള്‍ നിര്‍മിച്ച് വില്ക്കാന് ആരംഭിച്ചു. 1974-ല്‍ ഒരു വിതരണ കമ്പനി ഏറ്റെടുത്തു. അന്താരാഷ്ട്ര വ്യവസായ രംഗത്തേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി 1981-ല്‍ ജര്‍മനിയില്‍ അനുബന്ധ സ്ഥാപനം ആരംഭിച്ചു. പിന്നീട് നിരവധി കമ്പനികള്‍ ഏറ്റെടുത്ത് അന്താരാഷ്ട്രരംഗത്ത് നിലയുറപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ടിയാണ് ആദ്യമായി റെയ്ബാന്‍ സണ്‍ഗ്ലാസ് നിര്‍മിക്കുന്നത്. പിന്നീട് ലോകമെമ്പാടും ഇത് ജനപ്രിയമായി. വൈമാനികരുടെ കണ്ണുകള്‍ക്ക് സൂര്യരശ്മികളില്‍ നിന്ന് സംരക്ഷണം നല്കുന്ന ഒരു സണ്ഗ്ലാസിനായുള്ള അന്വേഷണത്തിലാണ് അമേരിക്കന്‍ സൈന്യത്തിന് റെയ്ബാന്‍ അത്യന്താപേക്ഷിതമായത്.
1952-ല്‍ പരമ്പരാഗത ലോഹ ഫ്രെയിമില്‍നിന്ന് പ്ലാസ്റ്റിക് ഫ്രെയിമിലേക്ക് മാറിയതോടെ അമേരിക്കന്‍ ഫാഷന്‍ സിമ്പലായി റെയ്ബാന്‍ മാറി. ഇത് പിന്നീട് ലോകമാകെ പ്രചാരം നേടുകയും റെയ്ബാന്‍ ഗ്ലാസുകള്‍ ആഢംബരത്തിന്റെ പ്രതീകമായി ലോകമെങ്ങും വളരെ പെട്ടെന്ന് മാറുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫോബ്സിന്റെ ഇറ്റാലിയന്‍ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായിരുന്നു ലിയനാര്‍ഡൊ ഡെല്‍ വെക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: