മറയൂര്‍: നാല് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അഞ്ചുനാടിന്റെ സംരക്ഷണത്തിനായി 28-ാം റാങ്കോടെ ഇന്ത്യന്‍ ഫോറസ്ട്രി സര്‍വ്വീസ് പരീക്ഷയില്‍ ഇടം നേടി നീതു ജോര്‍ജ് തോപ്പന്. കാന്തല്ലൂര്‍ പെരുമല തോപ്പന്‍സ് വീട്ടില്‍ റിട്ട. ഹൈസ്കൂള്‍ കായികാധ്യാപകന് ജോര്‍ജ് തോപ്പന്റെയും റിട്ട. അധ്യാപിക ജെസി ജോര്‍ജിന്റെയും മകളാണ് നീതു ജോര്‍ജ് തോപ്പന്.
ഒന്ന് മുതല്‍ പത്താം ക്ലാസ് വരെ മറയൂര്‍ ജയ് മാതാ പബ്ലിക് സ്കൂളിലും പ്ലസ്ടു പാലാ ചാവറ ഹൈസ്കൂളിലും, തുടര്‍ന്ന് തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഫോറസ്ട്രിയില്‍ ബിരുദവും നേടി. അതിന് ശേഷം ഒരു വര്‍ഷം ന്യൂദല്‍ഹിയിലെ വാജിറാം & രവി കോച്ചിങ് സെന്ററില്‍ നിന്ന് ജനറല്‍ കോച്ചിങ്ങും എവല്യൂഷനില്‍ നിന്ന് ബോട്ടണിയിലും കോച്ചിങ്ങ് നടത്തി. ശേഷം തിരുവനന്തപുരത്ത് എത്തി സുഹൃത്തുക്കളോടൊപ്പം തങ്ങി കടുത്ത നാല് വര്‍ഷത്തെ പരിശീലനത്തിലൂടെയാണ് നീതു തന്റെ സ്വപ്നത്തിലേക്ക് എത്തിയത്.
കഴിഞ്ഞ നവംബര്‍ മാസം 21നായിരുന്നു മണ്ണുത്തി പെരുമ്പള്ളിക്കുന്നേല്‍ ആഷിഷ് അലക്സുമായുള്ള വിവാഹം നടന്നത്. അമേരിക്കയിലെ മെയ്ന്‍ യൂണിവേഴ്സിറ്റിയില്‍ ഫോറസ്ട്രിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് ഭര്‍ത്താവ് ആഷിഷ്. പത്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ കൃത്യമായി കുറിപ്പ് തയ്യാറാക്കിയും സുഹൃത്തുക്കളോടൊത്ത് ഗ്രൂപ്പായും നടത്തിയ പഠനമാണ് വിജയത്തിലേക്ക് എത്തിച്ചതെന്ന് നീതു പറയുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ 2021 ഫലം യുപിഎസ്സി ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ നിന്നും നാല് പേര് പട്ടികയില്‍ ഇടം പിടിച്ചു. കേരളത്തില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചവരില്‍ നീതു രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: