ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ നിന്നും വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ ജൂലായ് 12 വരെ സമയം നീട്ടിക്കിട്ടിയതോടെ ശിവസേന വിമതര്‍ ഇനി ഗവര്‍ണര്‍ കോഷിയാരിയെ കാണും. ചൊവ്വാഴ്ച തന്നെ വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡേ മുംബൈയിലേക്ക് തിരിക്കുമെന്നാണ് വിമത ശിവസേന എംഎല്‍എ സര്‍വങ്കര്‍ വെളിപ്പെടുത്തിയത്.
ഇതോടെ ഏക്നാഥ് ഷിന്‍ഡെ ഉടനെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സഭയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള അവസരം ചോദിക്കും. ഇതോടെ ഈയാഴ്ച തന്നെ മഹാരാഷ്‌ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചാല്‍ മാത്രമേ എന്തെങ്കിലും മാറ്റം സംഭവിയ്‌ക്കൂ.
താന്‍ ഉടനെ ഗവര്‍ണറെ കാണാന്‍ മുംബൈയ്‌ക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിന്‍ഡെയും ഗുവാഹത്തിയില്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളോടൊപ്പം 50 എംഎല്‍എമാരുണ്ടെന്നാണ് ഏക് നാഥ് ഷിന്‍ഡേയുടെ വാദം. ഇതില്‍ 39 പേര്‍ ശിവസേന എംഎല്‍എമാര്‍ തന്നെയാണ്. ബാക്കി 11 പേര്‍ സ്വതന്ത്രരും പിജെപി പാര്‍ട്ടിയില്‍പ്പെട്ടവരുമാണ്. ഉദ്ധവ് താക്കറെയുടെ പക്ഷത്ത് ഇപ്പോള്‍ 16 എംഎല്‍എമാര്‍ മാതമേയുള്ളൂ. അതുകൊണ്ട് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തിയാല്‍ ഉദ്ധവ് പക്ഷത്തിന് വിജയം നേടാനാവില്ല. അത് കൂടുതല്‍ നാണക്കേടിന് വഴിവെക്കുമെന്നതിനാല്‍ ചിലപ്പോള്‍ ഉദ്ധവ് താക്കറെ രാജിവെയ്‌ക്കാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും ശിവസേനയുടെ ഗുണ്ടായിസം വിലപ്പോകില്ലെന്ന് തിങ്കളാഴ്ചയോടെ തന്നെ സഞ്ജയ് റാവുത്തിനും ഉദ്ധവിനും മകന്‍ ആദിത്യ താക്കറെയ്‌ക്കും മനസ്സിലായി. കാരണം വിമത എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ തിങ്കളാഴ്ചത്തെ ഉത്തരവില്‍ സുപ്രീംകോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഗവര്‍ണര്‍ കേന്ദ്രസേനയെ വിളിക്കും. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സഞ്ജയ് റാവുത്തിനെ ജൂലായ് ഒന്നിന് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ അദ്ദേഹവും രോഷം അടക്കി ഒതുങ്ങി. 16 വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര ആഭ്യന്ത്രര വകുപ്പ് സംരക്ഷണംനല്‍കാനും തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കുമെന്ന ഗവര്‍ണറുടെ താക്കീതോടെ എന്‍സിപിയുടെ ആഭ്യന്ത്രരമന്ത്രിയും ഭയന്ന് പൊലീസിനോട് ശിവസേനക്കാര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. തെരുവ് യുദ്ധക്കളമാക്കി വിമത ശിവസേന എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാമെന്ന ചിന്ത ഉദ്ധവ് താക്കറെയ്‌ക്കും മകനും സഞ്ജയ് റാവത്തിനും ഇപ്പോഴില്ല.
ശരത് പവാറാണ് ബിജെപിയെയും ശിവസേനയെയും തമ്മില്‍ തെറ്റിച്ചതെന്നും ശിവസേനയെ പണ്ടും തുണ്ടമാക്കിയ പവാര്‍ ഇനിയും പിളര്‍ത്താന്‍ കളിക്കുകയാണെന്നുമുള്ള വിമത ശിവസേന നേതാക്കളുടെ വെളിപ്പെടുത്തലുകള്‍ എന്‍സിപി ക്യാമ്പിനെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ രാജിവെയ്‌ക്കാന്‍ തുനിഞ്ഞ ഉദ്ധവ് താക്കറയെ പിന്തിരിപ്പിച്ചത് പവാറാണെന്നും ശിവസേനയെക്കൊണ്ട് ഗുണ്ടായിസം ഇറക്കുന്നത് പവാറാണെന്നും ആരോപണമുണ്ടായതോടെ തല്‍ക്കാലം മൗനം പാലിക്കാനാണ് എന്‍സിപിയും ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: