കൊല്ലം: ജില്ലയില്‍ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എഡിഎം ആര്.ബീനാറാണിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷയുടെ ജില്ലാതല വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനം.
നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. മുളങ്കാടകം, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കരിഞ്ചന്തയില്‍ കടത്താന്‍ സംഭരിച്ച അരി പിടിച്ചെടുത്തു കേസ് എടുത്തിട്ടുണ്ട്. കരിഞ്ചന്തയില്‍ റേഷന്‍ സാധനങ്ങള്‍ കടത്തുന്നത് കണ്ടെത്താന്‍ വ്യാപക പരിശോധന തുടരും.
അനധികൃതമായി കൈവശം വെച്ച മുന്‍ഗണന കാര്‍ഡുകള്‍ ഭൂരിഭാഗവും തിരിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹനകുമാര്‍ അറിയിച്ചു. ഇനിയും തിരിച്ചു നല്കാത്തവരെ കണ്ടെത്താന്‍ ഫീല്‍ഡ് പരിശോധന നടത്തും.
ജില്ലയില്‍ ബിപിഎല്‍ വിഭാഗത്തിലേക്ക് 11,428 റേഷന്‍ കാര്‍ഡുകളും എഎവൈ വിഭാഗത്തിലേക്ക് 37 കാര്‍ഡുകളും പുതുതായി അനുവദിച്ചിട്ടുണ്ട്.
റേഷന്‍ സാധങ്ങളുടെ വാതില്‍പ്പടി വിതരണത്തിനുള്ള നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഗോതമ്പ് ക്ഷാമത്തെ തുടര്‍ന്ന് ആട്ടയുടെ ലഭ്യത ആവശ്യകതയുടെ അടിസ്ഥാനത്തിലാക്കി താത്ക്കാലികമായി ചുരുക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കീഴില്‍ ഭക്ഷണത്തിലെ മായം കണ്ടെത്താന്‍ പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഇത്തരത്തില്‍ ക്രമക്കേട് കണ്ടെത്തിയ 120 ഷവര്‍മ കടകള്‍ നിര്‍ത്തലാക്കി. 5,75,000 രൂപ പിഴയും ഇടാക്കി. 14,000 കിലോ പഴകിയ മത്സ്യവും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: