കണ്ണൂര്‍: വികസനത്തിന്റെ പേരില്‍ പയ്യാമ്പലത്തെ ശില്‍പ്പങ്ങളോടുളള ടൂറിസം വകുപ്പിന്റെ അവഗണനയ്ക്കെതിരെ ലളിതകലാ അക്കാദമി രംഗത്ത്. പൊതു ഇടങ്ങളിലെ കലാശില്‍പ്പങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പയ്യാമ്പലത്തെ ശില്‍പ്പങ്ങളോടുളള അവഗണന അംഗീകരിക്കാനാവില്ലെന്നും അക്കാദമി ചെയര്മാന് മുരളി ചീറോത്ത് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒട്ടേറെ സൗഹൃദയരെ ആകര്‍ഷിച്ചിരുന്ന പ്രശസ്ത ശില്‍പ്പി കാനായി മണ്ണില്‍ തീര്‍ത്ത അമ്മയും കുഞ്ഞുമെന്ന വിശ്രുത ശില്‍പ്പവും ഇവിടെ തന്നെയുള്ള മറ്റൊരു ശില്‍പ്പമായ റിലാക്സിങ് എന്ന ശില്‍പ്പവുമാണ് വികസനത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. റോപ് വേ നിര്‍മ്മാണത്തിന്റെ പേരിലാണ് പയ്യാമ്പലത്തെ ഡിടിപിസിയുടെ കീഴിലുളള പാര്‍ക്കിലെ കാനായിയുടെ ശില്‍പ്പത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. ടൂറിസം പ്രമോഷന് കൗണ്‍സിലാണ് റോപ് വേ സൃഷ്ടിക്കാനായി ടവര്‍ നിര്‍മ്മിക്കുന്നത്. റോപ് വേയ്ക്ക് തൊട്ടുതാഴെയാണ് ശില്‍പ്പമെന്നുള്ളതുകൊണ്ടു തന്നെ ഇത് അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കഴിഞ്ഞമാസമാണ് പാര്‍ക്ക് നവീകരണത്തിനുശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനിടെയാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി റോപ് വേ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനാകട്ടെ മെറ്റല്‍ ഇറക്കിയത് കാനായിയുടെ റിലാക്സിങ് ശില്‍പ്പത്തിന്റെ മുകളിലാണ്. ഇത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കാനായി കുഞ്ഞിരാമന്റെ മണ്ണില്‍ തീര്‍ത്ത അമ്മയും കുഞ്ഞും ശില്‍പ്പം ഇവിടെ ഫലത്തില്‍ ഇല്ലാതായി കഴിഞ്ഞു. അതിനിടെയാണ് തൊട്ടടുത്ത് റോപ്പ് വേ നിര്‍മ്മാണത്തിന്റെ പേരില്‍ റിലാക്സിംങ് എന്ന കാനായിയുടെ ശില്പവും നശിപ്പിക്കപ്പെടുന്നത്.
പാര്‍ക്കിന്റെ വികസനത്തിന്റെ പേരില്‍ കാനായിയെ പോലുളള പ്രശസ്ഥനായ ശില്പിയെ അപമാനിക്കുകയാണ്. ഇതൊരു വലിയ അവഗണനയായാണ് ലളിതകലാ അക്കാദമി കാണുന്നത്. പാര്‍ക്കുകള്‍ മനുഷ്യജീവിതത്തില്‍ ആനന്ദത്തിനും ശാന്തിക്കും വഴി തുറക്കുന്ന ഇടങ്ങളാണ്. ഇവിടെ കുട്ടികളെ സംബന്ധിച്ച് കളിക്കുകയെന്നത് മാത്രമാണെങ്കില്‍ കലാസ്നേഹികളെ സംബന്ധിച്ച് പാര്‍ക്കുകളിലെ ശില്‍പ്പങ്ങളും മറ്റും ആസ്വാദനത്തിന്റെ ബിംബങ്ങളാണ്. മാത്രമല്ല ഇവ ഇല്ലാതാക്കുന്നതോടെ ശില്പ്പിയുടെ വ്യക്തിത്വം നശിപ്പിക്കപ്പെടുകയാണ്. ഇതുകൊണ്ട് എന്ത് നേട്ടമെന്ന് അധികൃതര്‍ വിശദീകരിക്കേണ്ടതുണ്ട്.
ഏത് വികസനവും യാഥാര്‍ത്ഥ്യം ഉല്‍ക്കൊണ്ടു കൊണ്ടാവണം കാലാതിവര്‍ത്തിയായി നിലകൊളളുന്നവയാണ് കലാരൂപങ്ങളെന്ന ധാരണ അശാസ്ത്രീയമായി പാര്‍ക്ക് നവീകരണത്തിന് നേതൃത്വം നല്കുന്നവര് മനസ്സിലാക്കണം. മഹത്തായ ശില്‍പ്പങ്ങളെ നശിപ്പിക്കാനുളള നീക്കത്തിനെതിരെ സാംസ്ക്കാരിക വകുപ്പിന് പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എബി എന്‍ ജോസഫ്, ശില്‍പ്പികളായ ഉണ്ണികാനായി, വത്സന് കൊലച്ചേരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: