വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും വിജയക്കൊടി പാറിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലെ രാംപൂര്‍-അസംഗഢ് ലോക്സഭാ മണ്ഡലങ്ങളിലും ത്രിപുരയിലെ നാലില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. കോണ്‍ഗ്രസ്സിന്റെയും എഎപിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിച്ചുകയറാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവയൊന്നും ബിജെപി നേടിയ തിളങ്ങുന്ന വിജയങ്ങള്‍ക്ക് ഒപ്പം നില്ക്കുന്നില്ല. പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തില്‍ അകാലിദള്‍(അമൃത്സര്‍) വിഭാഗത്തിന്റെ ഖാലിസ്ഥാന്‍ പക്ഷപാതിയായ സ്ഥാനാര്‍ത്ഥി വിജയിച്ചത് ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. ഭഗവന്ത്മാന് മുഖ്യമന്ത്രിയായതോടെ ഒഴിവുവന്ന സീറ്റില്‍ ജയിക്കാന്‍ കഴിയാതിരുന്നത് എഎപിക്ക് കനത്ത തിരിച്ചടിയായി. ഇതോടെ പഞ്ചാബിലെയും ദല്‍ഹിയിലെയും ഭരണകക്ഷിയായ എഎപിയെ പ്രതിനിധീകരിക്കുന്ന ഒരാള്‍ പോലും ലോക്സഭയില്‍ ഇല്ലാതായി. അതേസമയം ത്രിപുരയില്‍ ഒരു നിയമസഭാ സീറ്റില്‍ ജയിക്കാനായതില്‍ കോണ്‍ഗ്രസ്സിനും ദല്‍ഹിയില്‍ ഒരു സീറ്റ് നേടാനായതില്‍ എഎപിക്കും ആശ്വസിക്കാം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം സഖ്യവും ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ഓരോ സീറ്റ് നേടിയത് സ്വാഭാവികം. വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റേത് സിറ്റിങ് സീറ്റായിരുന്നു.
ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നത്-അത് ലോക്സഭയിലേക്കായാലും നിയമസഭയിലേക്കായാലും-വലിയ വാര്‍ത്തയല്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ തുടര്‍ക്കഥപോലെ സംഭവിക്കുന്നതാണത്. പക്ഷേ ലോക്സഭാ മണ്ഡലങ്ങളായ അസംഗഢിലും രാംപൂരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് ഈ രണ്ട് മണ്ഡലങ്ങളുടെയും രാഷ്ട്രീയ ചരിത്രം അറിയാവുന്നവരെ ഞെട്ടിച്ചിരിക്കുകയാണ്. സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയായാണ് ഇവ രണ്ടും അറിയപ്പെടുന്നത്. എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും പാര്‍ട്ടി നേതാവ് അസംഖാനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഒഴിവു വന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അസംഗഢില്‍ നിന്ന് ജയിച്ചത് മുലായംസിങ്ങായിരുന്നു. 2019 ല്‍ മകന് അഖിലേഷും. മാസങ്ങള്‍ക്ക് മുന്‍പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അസംഗഢ്-രാംപൂര്‍ ലോക്സഭാ മണ്ഡലങ്ങളില്‍പ്പെടുന്ന നിയമസഭാ സീറ്റുകള്‍ സമാജ്വാദി പാര്‍ട്ടി തൂത്തുവാരിയതാണ്. അവിടെനിന്നാണ് ഇപ്പോഴത്തെ മാറ്റം സംഭവിച്ചിരിക്കുന്നത്. മുസ്ലിം-യാദവ് വോട്ടു ബാങ്ക് സമാജ്വാദി പാര്‍ട്ടിയുടെ ജനകീയാടിത്തറയാണെന്ന് പറയാറുണ്ടെങ്കിലും അതിന് മാറ്റം വന്നിരിക്കുന്നു. ബിജെപി ജയിച്ച രാംപൂര്‍ മണ്ഡലത്തില്‍ 50 ശതമാനത്തിലേറെയാണ് മുസ്ലിം ജനസംഖ്യ. സമാജ്വാദി പാര്‍ട്ടി ജയം ഉറപ്പാക്കിയ ഈ സീറ്റ് ബിജെപി നേടിയത് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു.
മുഖ്യമന്ത്രി മണിക് സാഹ മത്സരിച്ചതടക്കം മൂന്നു സീറ്റുകള്‍ നേടിയ ബിജെപി ത്രിപുരയിലെ മുന്നേറ്റം തുടരുകയാണ്. സംസ്ഥാനത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ബിജെപിയെ തോല്‍പ്പിച്ച് ത്രിപുര തിരിച്ചുപിടിക്കുമെന്ന അവകാശവാദവുമായി നടക്കുന്നവരാണ് സിപിഎം നേതാക്കള്‍. രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ കൂട്ടാക്കാത്ത ഇത്തരം നേതാക്കളെ കേരളത്തിലും കാണാം. ത്രിപുര സമ്പൂര്‍ണമായി കാവിയണിഞ്ഞിരിക്കുകയാണെന്നും ചുവപ്പ് ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. യുപിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം ചരിത്രപരമാണ്. ഇതിന് മുന്‍പ് ബിജെപി വന്‍ വിജയം നേടിയ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമാജ്വാദി പാര്‍ട്ടിക്കൊപ്പം ഇളകാതെ നിന്ന മണ്ഡലങ്ങളാണ് ഇപ്പോള്‍ ബിജെപിക്കൊപ്പം പോന്നിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ യുപിയില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നതിന് അടിവരയിടുന്നതാണ് അസംഗഢിലെയും രാംപൂരിലെയും വിജയങ്ങള്‍. അടുത്തകാലത്ത് ഒരു ബിജെപി നേതാവ് മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് മതവിഭാഗീയതയുണ്ടാക്കാന് ചില ശക്തികള്‍ ശ്രമിച്ചിരുന്നു. ജനസംഖ്യയില്‍ പകുതിയിലേറെ മുസ്ലിം ജനസംഖ്യയുള്ള മണ്ഡലത്തില്‍പ്പോലും ഇത് വിലപ്പോവുന്നില്ലെന്നാണ് ഉത്തര്‍പ്രദേശ് നല്കുന്ന സൂചന. ഏറെ നിര്‍ണായകമായി കരുതപ്പെടുന്ന അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ സ്വഭാവം എന്തായിരിക്കുമെന്ന ചിത്രവും ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ തെളിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: