കോഴിക്കോട്: ബാലുശേരി പാലൊളിമുക്കില്‍ ഡിവൈ എഫ് ഐ നേതാവ് ജിഷ്ണുരാജിനെ തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ വീഡിയോ പുറത്തുവന്നതോടെ എസ് ഡി പിഐ പ്രതിരോധത്തിലായി. എസ് ഡിപി ഐ ജില്ലാനേതാവ് അവിടനല്ലൂര്‍ മൂടോത്തുകണ്ടി സഫീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്.
സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഓടിക്കൂടിയ നാട്ടൂകാരാണ് കൃത്യം ചെയ്തതെന്നും എസ് ഡിപി ഐ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വീഡിയോ ദൃശ്യം പുറത്ത് വന്നത്. കേസില്‍ തുമ്പായതോടെ എസ് ഡിപിഐ പ്രവര്‍ത്തകരായ പാലോളി പെരിഞ്ചേരി റംഷാദ് (35), ചാത്തങ്കോത്ത് ജുനൈദ് (28), ചാത്തങ്കോത്ത് സുല്‍ഫി (28) എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി.
എസ് ഡിപി ഐയുടെ ഫ്ലെക്സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച രാത്രിയാണ് ജിഷ്ണുരാജിനെ അമ്പതോളം വരുന്ന എസ് ഡിപി ഐ സംഘം അതിക്രൂരമായി മര്‍ദ്ദിച്ചത്. ഫ്ളക്സ് കീറിയതിന്റെ കുറ്റം ആദ്യം ആര്‍എസ്എസിന്റെ തലയില്‍ ഇടാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ കൃത്യം ചെയ്തത് ജിഷ്ണുരാജാണെന്ന് തെളിഞ്ഞതോടെ ഇത് നടന്നില്ല.
റോഡില്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് തോട്ടിലേക്ക് കൊണ്ടുപോയത്. മുക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫ്ലെക്സ് കീറിയത് താനാണെന്ന് സമ്മതിപ്പിച്ചതെന്ന ജിഷ്ണുവിന്റെ മൊഴി ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങള്‍. ചില സിപിഎം നേതാക്കളുടെ പ്രേരണയിലാണ് താന്‍ ഇത് ചെയ്തതെന്നും അവരുടെ പേര് പറയാന്‍ തയ്യാറാണെന്നും ജിഷ്ണു മുഖം ചെളിയില്‍ മുക്കുന്നതിനിടയില്‍ പറയുന്നത് കാണാം.
ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: