വായന ദിനം പതിവുപോലെ കേരളത്തിലെങ്ങും പ്രസംഗദിനമായി കൊണ്ടാടി! കുടുംബക്കൂട്ടായ്മകള്‍ മുതല്‍ ആഗോള മലയാള സംഘടനകള്‍ വരെ വായന ദിനം പല തരത്തിലും തലത്തിലും ആചരിച്ചു. എല്ലായിടത്തും പ്രധാന പരിപാടി പ്രസംഗമായിരുന്നു. ചില സ്ഥലങ്ങളില്‍ ഇരുപതിലേറെ പ്രസംഗകര്‍ പങ്കെടുത്ത യോഗങ്ങളുണ്ടായി.
വായന ദിനം ഇക്കുറി ഞായറാഴ്ചയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തിലായിരുന്നു. അതുകൊണ്ട് വായിച്ചു വളരേണ്ട കുട്ടികള്‍ പ്രസംഗങ്ങള്‍ കേട്ട് തളര്‍ന്നുവീഴാതെ രക്ഷപ്പെട്ടു!
പലേടത്തും പ്രസംഗപ്പട കാലേക്കൂട്ടിത്തന്നെ എത്തിച്ചേര്‍ന്ന് രംഗം കൊഴുപ്പിച്ചു. യോഗം തീരുന്നതിനു തൊട്ടുമുന്‍പ്, ഓടിക്കിതച്ചെത്തി സദസ്യരെ ഉദ്ബോധിപ്പിച്ചവരും കുറവല്ലായിരുന്നു.
‘പുസ്തക പരായണം’ എല്ലാവരും നിത്യകര്‍മ്മങ്ങളുടെ ‘അവിഭാജ്യഘടക’മാക്കണമെന്നാണ് ഒരു പ്രസംഗകന് തട്ടിവിട്ടത്! സദസ്യരുടെ ചിരി തനിക്കുള്ള അംഗീകാരമായിക്കരുതി കക്ഷി ആവേശത്തോടെ ആഹ്വാനം തുടര്‍ന്നു.
എല്ലാവരും എന്നും എന്തെങ്കിലും വായിച്ചാല്‍ വായനദിനം ആചരിക്കേണ്ടിവരില്ലെന്നും അങ്ങനെചെയ്ത് വായനദിനാചരണം അപ്രസക്തമാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
വായന നമ്മുടെ സന്തതസഹചാരി മാത്രമല്ല സന്മാര്‍ഗദര്‍ശിയും കൂടിയാണെന്ന് ഒരു പ്രാദേശിക നേതാവ് ‘ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിച്ചു’പോയി!
ടെക്നോളജി എത്ര വികസിച്ചാലും വായന മരിക്കുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാനാണ് മറ്റൊരു നേതാവ് ആഗ്രഹിച്ചത്.
വായനയുടെയും വായനശാലകളുടെയും നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സമഗ്രമായ കര്‍മ്മപദ്ധതി ഉടന്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് ഒരു ജനപ്രതിനിധി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
വായനയെക്കാള്‍ പുനര്‍വായനയാണ് സത്യാനന്തരകാലം ആവശ്യപ്പെടുന്നതെന്ന് ഒരു യുവ എഴുത്തുകാരന് പറഞ്ഞപ്പോള്‍, പലരും ചിരിയടക്കാന്‍ പണിപ്പെട്ടു.
അങ്ങനെ വായനസംരക്ഷകരും പ്രചാരകരും കൂടി വായനദിനത്തെ പ്രസംഗത്തില്‍ മുക്കിക്കൊന്നു! ഇനി വായനവാര, പക്ഷാചരണ സമാപനത്തിലും ഈ ‘കൊലവിളി’ ഉണ്ടാകുമെന്നുറപ്പ്.
സ്കൂള്‍ പാഠപുസ്തകങ്ങളില്‍ അക്ഷരമാല പുനഃസ്ഥാപിക്കണമെന്നും അക്ഷരബോധനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് സാഹിത്യ സാംസ്കാരിക നായകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതായി വാര്‍ത്തകണ്ടു. മലയാള ഭാഷാപഠനത്തെ തടയാനുള്ള നീക്കമാണ് അക്ഷരമാലയുടെ അപ്രത്യക്ഷമാകലില്‍ കാണുന്നതെന്നും കത്തില്‍ പറയുന്നു. ഈ അധ്യയനവര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞവര്‍ഷംതന്നെ വിദ്യാഭ്യാസമന്ത്രിയടക്കമുള്ള അധികൃതര്‍ പറഞ്ഞിരുന്നതാണ്. അധ്യയനവര്‍ഷം ഇത്രയായിട്ടും അക്ഷരമാല പ്രത്യക്ഷപ്പെട്ടുകാണുന്നില്ല. സാംസ്കാരികനായകരുടെ കത്തു ചെല്ലുന്നതോടെ എല്ലാം ശരിയാകുമെന്നാശിക്കാം.
കത്തയച്ച എഴുത്തുകാരും സാംസ്കാരികനായകരും മുഖ്യമന്ത്രിയുടെ മറുപടി കിട്ടിയാല്‍ അറിയിക്കണേ! എന്തായാലും, ഇത്രയും വൈകിയ സ്ഥിതിക്ക് അക്ഷരമാല പൂര്‍വ്വകാല പ്രാബല്യത്തോടെതന്നെ പുനഃസ്ഥാപിച്ചാല്‍ നന്ന്!
പത്രങ്ങളില്‍നിന്ന്:
”കള്ളുഷാപ്പില്‍നിന്നും സ്പിരിറ്റ് പിടികൂടിയ കേസ്: ഇരുട്ടില്‍ തപ്പി അന്വേഷണസംഘം.”
”നായശല്യം: വീട്ടില്‍നിന്നും പുറത്തിറങ്ങാനാവാത്ത സ്ഥിതി.”
രണ്ടു തലക്കെട്ടുകളിലും ‘നിന്നും’ വേണ്ട. ‘നിന്ന്’ മതി. ആവശ്യമില്ലാത്തിടത്തും ‘നിന്നും’ കയറിനില്‍ക്കുന്നത് സാധാരണമായിരിക്കുന്നു.
”വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട് മേഖലയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി ഇന്നലെയും തെരുവുനായ ആക്രമണം.”
‘നാട്ടുകാര്‍ക്ക് ഭീഷണിയായി’ ആവശ്യമില്ല.
”അശ്രദ്ധമായി അറവുമാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും പൊതുവഴികളില്‍ നിക്ഷേപിക്കുന്നതു തെരുവുനായശല്യം വര്‍ധിക്കുന്നതിനു കാരണമാകുന്നതായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.”
‘അശ്രദ്ധമായി’ ആവശ്യമില്ല.
‘നിക്ഷേപിക്കുന്ന’തിനെക്കാള് നല്ലത് ‘ഇടുന്ന’താണ്!
”അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.”
‘യോഗദിനം’ മതി.
”യോഗദിനം ആചരിച്ചു”
യോഗത്തില്‍നിന്ന് ദിനത്തെ അകറ്റുന്നതെന്തിന്?
യോഗദിനം എന്ന് ചേര്‍ത്തുതന്നെ എഴുതണം.
പിന്കുറിപ്പ്:
എസ്എസ്എല്‍സി വിജയം 99.26 ശതമാനം
മറ്റു ക്ലാസുകളില്‍- 100 ശതമാനം
അക്ഷരമാല പഠിപ്പിച്ച് വിജയശതമാനം
കുറയ്ക്കണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: