ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവച്ച സുപ്രീം കോടതി വിധിയോടെ രണ്ട് പതിറ്റാണ്ടോളമായി ഗുജറാത്ത് സംസ്ഥാനത്തിനും നരേന്ദ്രമോദി എന്ന ഭരണാധികാരിക്കും ബിജെപിക്കുമെതിരെ നടന്ന നിന്ദ്യവും നീചവുമായ പ്രചാരണത്തിന് അന്ത്യമായിരിക്കുകയാണ്. 2002ല്‍ നടന്ന ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ശരിവച്ചതാണ്. കലാപത്തില്‍ കൊല്ലപ്പെട്ട എഹ്‌സാന്‍ ജാഫ്രി എന്ന കോണ്‍ഗ്രസ്സ് എംപിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സാമൂഹ്യ പ്രവര്‍ത്തകയെന്ന പേരില്‍ ടീസ്റ്റ സെതല്‍വാദും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടുമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. നിരപരാധികളായ വ്യക്തികള്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തുകയും വ്യാജരേഖ ചമയ്‌ക്കുകയും കോടതിയില്‍ കള്ളത്തെളിവുകള്‍ ഹാജരാക്കുകയുമാണ് മൂവരും ചെയ്തതെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഓരോ തവണ സത്യം തെൡയുമ്പോഴും നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്ത് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു ഇവര്‍.
വിചാരണക്കോടതിയും ഹൈക്കോടതിയും ശരിവച്ചിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നില്‍ രാഷ്‌ട്രീയ ദുഷ്ടലാക്കായിരുന്നു. ഗുജറാത്ത് കലാപത്തിനു കാരണം ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ മുസ്ലിം അക്രമകാരികള്‍ സബര്‍മതി എക്‌സ്പ്രസ് തീയിട്ട് 58 രാമഭക്തരെ ചുട്ടെരിച്ച ഹീനമായ സംഭവമല്ലെന്നും അന്ന് ഗുജറാത്ത് ഭരിച്ച ബിജെപി സര്‍ക്കാരാണെന്നും വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ തലത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണ് സ്ഥിതിഗതികളെ കലാപത്തിലേക്ക് നയിച്ചതെന്നും ആരോപിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി മോദി കലാപത്തിന് അനുകൂലമായി സംസാരിച്ചുവെന്നുമാണ് സഞ്ജീവ് ഭട്ടും ആര്‍.ബി. ശ്രീകുമാറും അവകാശപ്പെട്ടത്. ഇത് കളവാണെന്നും ഇവര്‍ രണ്ടുപേരും യോഗത്തില്‍ പങ്കെടുക്കുക പോലും ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഈ ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങള്‍ ഭാരതവിരുദ്ധ ശക്തികള്‍ രാജ്യാന്തരതലത്തില്‍ പോലും പ്രചരിപ്പിച്ചു. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും നരേന്ദ്രമോദിയെ അധികാരത്തില്‍നിന്നു പുറത്താക്കുന്നതിനുമായിരുന്നു ഇത്. ഇത്തരം ഹീനമായ തന്ത്രങ്ങളെയെല്ലാം പരാജയപ്പെടുത്തി മോദി പ്രധാനമന്ത്രിയായതോടെ വിദ്വേഷ പ്രചാരണം ശക്തിപ്പെടുത്തുകയാണ് തല്‍പ്പരകക്ഷികള്‍ ചെയ്തത്. മോദി പ്രധാനമന്ത്രി പദം വഹിക്കുന്ന എട്ട് വര്‍ഷവും ഈ പ്രചാരണം തുടര്‍ന്നു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മിഷനും പ്രത്യേക അന്വേഷണ സംഘത്തിനും വ്യാജരേഖകള്‍ ഹാജരാക്കി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ടീസ്റ്റയും സംഘവും ശ്രമിച്ചത്. ഈ സംഘം ഒറ്റയ്‌ക്കായിരുന്നില്ല. 2004 മുതല്‍ പത്ത് വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വഴിവിട്ട പിന്തുണയും ഇതിന് നല്‍കി. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തില്‍ സോണിയ നേതൃത്വം നല്‍കിയ ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ടീസ്റ്റ. കോടിക്കണക്കിന് രൂപയാണ് ടീസ്റ്റയുടെ സംഘടനയ്‌ക്ക് സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും ടീസ്റ്റ ഈ തുക ഉപയോഗിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ‘മരണത്തിന്റെ വ്യാപാരി’ എന്നു മോദിയെ വിളിച്ചതിന് അനുസൃതമായിരുന്നു ടീസ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി.ശ്രീകുമാര്‍ എന്നിവരെ ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സംഘം കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരിക്കുകയാണ്. സഞ്ജീവ് ഭട്ട് കുറെക്കാലമായി ജയിലിലാണ്. ഇനി മുഴുവന്‍ വസ്തുതകളും പുറത്തുവരികയും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ ലോകത്തോടു തന്നെ മാപ്പ് പറയുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: