ന്യൂദല്‍ഹി: യൂത്ത് കോണ്‍ഗ്രസുകാര്‍ ദല്‍ഹിയിലെ എകെജി ഭവനിലേയ്‌ക്ക് മാര്‍ച്ച് നടത്തിയതില്‍ സങ്കടം പറഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ എഐസിസി ആസ്ഥാനത്തേയ്‌ക്ക് തങ്ങള്‍ മാര്‍ച്ച് നടത്തിയില്ല. അതിനാല്‍, യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിയ മാര്‍ച്ച് ശരിയല്ല.
ഈ പ്രതിഷേധത്തിന്റെ അര്‍ത്ഥമെന്താണ് ഒരു വശത്ത് കോണ്‍ഗ്രസ് എസ്എഫ്‌ഐയെ കുറ്റപ്പെടുത്തുന്നു. വയനാട് നടന്ന സംഭവത്തെ പാര്‍ടിയും മുഖ്യമന്ത്രിയുമടക്കം അപലപിച്ചിട്ടുണ്ട്. ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ അറസ്റ്റടക്കമുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. എന്നിട്ടും എന്തിനാണ് പാര്‍ട്ടി ആസ്ഥാനത്തേയ്‌ക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് നടത്തിയതെന്ന് തനിക്ക് മനസിലാകുന്നില്ല യെച്ചൂരി പറഞ്ഞു.
അതേസമയം, രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം പാര്‍ട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതി. പാര്‍ട്ടി അറിയാതെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി ജനങ്ങളില്‍ പാര്‍ട്ടിക്കെതിരെ അവമതിപ്പുളവാക്കി. സംഭവത്തില്‍ ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടന്നും സംസ്ഥാന സമിതി വിമര്‍ശിച്ചു.
പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ എസ്എഫ്‌ഐ ഇത്തരത്തിലൊരു സമരം നടത്തുമോയെന്നും സിപിഎം സംസ്ഥാന സമിതി ചോദിച്ചു. എന്നാല്‍ മാര്‍ച്ച് അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നാണ് ജില്ലാ നേതൃത്വം വിശദീകരണം നല്‍കിയത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കേസില്‍ 29 പേരാണ് ഇതുവരെ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: