ന്യൂദല്‍ഹി : ജനാധിപത്യം തകര്‍ന്നടിഞ്ഞ ഇരുണ്ടകാലമായിരുന്നു അടിയന്തിരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥകാലത്തെ യാതനകള്‍ ഒരിക്കലും വിസ്മരിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1975 ലെ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയില്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. സ്വേച്ഛാധിപത്യ മനോഭാവത്തെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പരാജയപ്പെടുത്തുന്നതിന് ലോകത്ത് ഇതുപോലൊരു ഉദാഹരണം കണ്ടെത്താന്‍ പ്രയാസമാണ്. 1975 ജൂണ്‍ 25 ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 1977 മാര്‍ച്ച് 21 ന് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ആ കാലത്ത് ജനങ്ങളുടെ എല്ലാ അവകാശങ്ങളും തട്ടിയെടുക്കപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. എന്നാല്‍ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യയിലെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. രാജ്യത്തെ കോടതികള്‍, എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍, പത്രങ്ങള്‍, എല്ലാം നിയന്ത്രണത്തിലാക്കപ്പെട്ടു. ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കള്‍ക്ക് അടിസ്ഥാന അവകാശം പോലും ലഭിച്ചില്ലെന്ന് രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ അടിയന്തരാവസ്ഥ ഒഴിവാക്കി രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചു. അടിയന്തരാവസ്ഥയില്‍ നമ്മുടെ നാട്ടുകാരുടെ സമരങ്ങള്‍ക്ക് സാക്ഷിയാകാനും അതില്‍ പങ്കാളിയാകാനും എനിക്ക് ഭാഗ്യമുണ്ടായി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്. ഭാവി തലമുറയും ഇത് മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം മന് കി ബാത്തില്‍ ശബരിമല തീര്‍ത്ഥാനത്തെ കുറിച്ചും മോദി പരാമര്‍ശിച്ചു. വടക്കേ ഇന്ത്യക്ക് അമര്‍നാഥ് യാത്ര പോലെയാണ് തെക്കേ ഇന്ത്യയില്‍ ശബരിമല യാത്ര. രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: