ഇസ്ലാമബാദ് : മുംബൈ ഭീകരാക്രമണത്തിന് സഹായം നല്കിയ ലഷ്കര്‍ തോയ്ബ പ്രവര്ത്തകന് സാജിദ് മജീദ് മിറിന് പാക്കിസ്ഥാന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ലാഹോറിലെ ഭീകര വിരുദ്ധ കോടതിയാണ് സാജിദിന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മുംബൈ ഭീകരാക്രമണത്തിന് സാജിദ് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു.
ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്കുന്നതിനാല് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ(എഫ്എടിഎഫ്) ഗ്രേലിസ്റ്റിലാണ് പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്നും ഒഴിവാകുന്നതിനായാണ് സാജിദിനെതിരെ അതിവേഗം നടപടിയെടുത്തതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാന്റെ പിടിയിലായിരുന്ന സാജിദിനെ രഹസ്യ വിചാരണ നടത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 4,00,000 രൂപ പിഴയൊടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ നിന്നും വിചാരണ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. ഏപ്രിലില്‍ അറസ്റ്റിലായ സാജിദിനെ കോട് ലഖ്പത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ആക്രമണത്തിലെ പങ്കിനെ തുടര്‍ന്ന് ഇന്ത്യ പല തവണ സാജിദിനായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈ ആക്രമണത്തിന്റെ പ്രോജക്ട് മാനേജര്‍ എന്നാണ് സാജിദിനെ വിളിച്ചിരുന്നത്. വ്യാജ പേരില്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് 2005ല്‍ മിര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന് ലാഹോര്‍ എടിസി തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്കിയ കേസില്‍ 68 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. മുംബൈ ആക്രമണ ഓപ്പറേഷന് കമാന്‍ഡര്‍ സക്കീര്‍ റഹ്മാന് ലഖ്വിയെയും തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: