കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കഴിഞ്ഞ ദിവസം എസ്എഫ്ഐക്കാര്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ ഒറ്റപ്പെട്ട് വയനാട് ജില്ലാ നേതൃത്വം. സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനിടെ ജില്ലാ നേതൃത്വത്തെ തള്ളിക്കളയുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്ത് ഉണ്ടായത്. ശനിയും ഞായറും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമ്പോള്‍ ജില്ലാ നേതൃത്വത്തിനെതിരെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയരുമെന്ന് കണ്ടറിയണം.
രാഹുലിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനറും നേരത്തെ തള്ളി പറഞ്ഞതാണ്. എന്തിന് വേണ്ടിയായിരുന്നു അക്രമം എന്നാണ് ഇ.പി. ജയരാജന് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ എസ്എഫ്ഐ നേതൃത്വം ഇതിന് പാര്‍ട്ടിക്ക് മറുപടി നല്‍കേണ്ടി വരും. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തന്നെയാണ് മാര്‍ച്ചിനു നേതൃത്വം കൊടുത്തത്. ഇതാണ് സിപിഎം നേതൃത്വത്തെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസും കെ റെയിലുമൊക്കെയായി ജനങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള മനോഭാവം ഉടലെടുത്തിരിക്കുകയാണ്. അതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുലിന്റെ ഓഫീസ് തല്ലിത്തകര്‍ത്തതും കൂടിയാകുമ്പോള്‍ ജനങ്ങള്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചേക്കാം.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നയാണെന്ന് ആരോപിച്ച സിപിഎമ്മിന് എസ്എഫ്ഐക്കാരുടെ അക്രമത്തില്‍ കൈ കഴുകാനും എളുപ്പമല്ല. എസ്എഫ്ഐയുടെ അതിക്രമം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമാകാനാണ് സാധ്യത.
ശനിയാഴ്ച രാഹുലിന്റെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് അക്രമാസക്തരായി ഓഫീസ് തല്ലി തകര്‍ക്കുകയുമായിരുന്നു. പരിസ്ഥിതിലോല പ്രശ്നത്തില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എസ്എഫ്ഐയോട് നടപടിക്കും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമരം പാര്‍ട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം. സംഭവം വിവാദമായതോടെ ഉടന്‍ നടപടി എടുത്ത് ഇതില്‍ നിന്നും തലയൂരാനാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. അതിനിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: