ന്യൂദല്‍ഹി: ഏറെക്കാലം കേരളത്തില്‍ പ്രവര്‍ത്തിച്ച ശേഷം മോദി സര്‍ക്കാരിന് വേണ്ടി കേന്ദ്രത്തിലേക്ക് പോയ അമിതാഭ് കാന്ത് നീതി ആയോഗിന്റെ സിഇഒ പദവി ഒഴിയുന്നു. ജൂണ്‍ 30ന് സ്ഥാനമൊഴിയുമ്പോള്‍ മറ്റൊരു മികച്ച ഭരണവിദഗ്ധന്‍ പരമേശ്വരന്‍ അയ്യരാണ് ആ സ്ഥാനം കയ്യേല്‍ക്കുക.
മെയ്‌ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നീ സങ്കല്‍പ്പങ്ങള്‍ മോദി സര്‍ക്കാര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ അതിന് പിന്നില്‍ അമിതാഭ് കാന്തും ഉണ്ടായിരുന്നു. നേരത്തെ കേരളത്തിലെ ടൂറിസം വകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം സൃഷ്ടിച്ച ബ്രാന്‍ഡുകളായിരുന്നു ഗോഡ്സ് ഓണ്‍ കണ്‍ട്രിയും അഥിതി ദേവോ ഭവയും. രാജ്യത്തിന്റെ ഭാവി ചുവടുവെയ്പുകള്‍ രൂപകല്‍പന ചെയ്യുന്നതില്‍ അമിതാഭ് കാന്തും പങ്കുവഹിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷമാണ് നീതി ആയോഗ് മേധാവിയുടെ കാലാവധി. 2016ല്‍ നീതി ആയോഗ് മേധാവിയായി വന്ന അമിതാഭ് കാന്തിന് രണ്ട് തവണ കാലാവധി നീട്ടി നല്‍കി. അങ്ങിനെയാണ് അദ്ദേഹം 2022 ജൂണ്‍ വരെ തുടര്‍ന്നത്.
പുതുതായി നീതി ആയോഗ് സിഇഒ പദവിയില്‍ എത്തുന്ന പരമേശ്വരന്‍ അയ്യര്‍ നേരത്തെ സ്വച്ച് ഭാരത് മിഷന്‍ നയിച്ചിരുന്ന വ്യക്തിയാണ്. രാജ്യത്തുടനീളം പൊതുശുചിത്വ നിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ദൗത്യമായിരുന്നു സ്വച്ഛ് ഭാരത് മിഷന്‍. കശ്മീര്‍ സ്വദേശിയാണ് പരമേശ്വരന്‍ അയ്യര്‍. ഡെറാഡൂണിലെ ഡൂണ്‍ സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പരമേശശ്വരന്‍ അയ്യര്‍ പിന്നീട് സെന്‍റ് സ്റ്റീഫന്‍സ് കോളെജിലും അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഡേവിഡ്സണ്‍ കോളെജിലും പഠിച്ചു.
ലോകബാങ്കിന്റെ ശുദ്ധജല വിഭവ മാനേജര്‍ ആയ ജോലി ചെയ്തു. ഇക്കാലയളവില്‍ വിയറ്റ്നാം, ചൈന, ഈജിപ്ത്, ലെബനന്‍, ലോകബാങ്ക് എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
മെതേഡ് ഇന്‍ മാഡ്നസ്, ദി സ്വച് ഭാരത് റെവലൂഷന്‍ എന്നിവ ഇദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടാന്‍ വേണ്ടിയുള്ള പ്രധാന ഏജന്‍സിയാണ് നീതി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ)ആയോഗ്. 15 വര്‍ഷത്തേക്കുള്ള ഭാവി വികസന പാത മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മുന്നേറലാണ് നീതി ആയോഗിന്റെ രീതി. അമൃത്, ഡിജിറ്റല്‍ ഇന്ത്യ, അടല്‍ ഇന്നൊവേഷന്‍ മിഷന്‍ തുടങ്ങിയവയെല്ലാം നീതി ആയോഗിന്റെ പദ്ധതികളാണ്. സംസ്ഥാനസര്‍ക്കാരുകളെ കൂടി ചേര്‍ത്ത് സഹകരണ ഫെഡറലിസത്തിലൂടെ ഇന്ത്യയുടെ വികസനലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് നീതി ആയോഗിന്റെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: