മുംബൈ: മഹാരാഷ്ട്രയിലെ സ്വതന്ത്ര എംഎല്‍എ ഗീത ജെയിന് ബിജെപിയില്‍ ചേര്‍ന്നു. സാഗര്‍ ബംഗ്ലാവില്‍ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
മിര-ഭയാന്തര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗീത ജെയിന്. നേരത്തെ ബിജെപിയില്‍ ആയിരുന്ന ഗീത ജെയിനിനെ ഇപ്പോഴത്തെ വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയാണ് ശിവസേനയില്‍ എത്തിച്ചത്. 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നരേന്ദ്ര മേത്തയെ 15,526 വോട്ടുകള്‍ക്ക് ഗീത ജെയിന് അട്ടിമറിച്ചിരുന്നു.
“ബിജെപി നേതാക്കളില്‍ നിന്നുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഞാന്‍ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടു. ബിജെപിയ്ക്ക് പിന്തുണ നല്കാന് തീരുമാനിച്ചു”- അവര്‍ പറഞ്ഞു. എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സ്വതന്ത്ര എംഎല്‍എമാരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിച്ചത് ശിവസേനയെ ഞെട്ടിച്ചിരുന്നു.
മീര ഭയന്ഡര് മുനിസിപ്പല്‍ കോര്പറേഷന് (എംബിഎംസി) അംഗം കൂടിയാണ് ഗീത ജെയിന്. തന്റെ ജന്മദിനമായ ജൂലായ് 27ന് എംബിഎംസിയില്‍ ആദ്യ ഓഡിറ്റോറിയം സ്ഥാപിക്കുമെന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഈ പ്രദേശം ഉള്‍പ്പെട്ട നിയോജകമണ്ഡലത്തിലെ എംഎല്‍എ ബിജെപിയിലേക്ക് എത്തിയത് ശിവസേനയെ ഞെട്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: