മുംബൈ : മുഖ്യമന്ത്രി പദം രാജിവെച്ചൊഴിയില്ല. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് വെല്ലുവിളിയുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. നിയമസഭയില്‍ അംഗബലം കുറഞ്ഞെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ വിമത എംഎല്‍എമാര്‍ മാഹാ വികാസ് അഘാഡി സഖ്യത്തിന് തന്നെ വോട്ടുചെയ്യുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.
അനുകൂലിക്കുന്ന എംഎല്‍എമാരുടെ എണ്ണം എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കാണാന്‍ മുംബൈയിലെ വൈബി ചവാന് സെന്ററില്‍ റാവത്ത് എത്തിയിരുന്നു. പവാറുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് റാവത്തിന്റെ പ്രസ്താവന.
അതേസമയം 43 ശിവസേന എംഎല്‍എമാരുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് ഏക്നാഥ് ഷിന്‍ഡെയുടെ അറിയിച്ചിരിക്കുന്നത്. ഗുവാഹത്തിയില്‍ നിന്നും ഷിന്‍ഡേ മുംബൈയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഷിന്‍ഡേ അടക്കം കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കത്ത് നല്കി. സംസ്ഥാനത്ത് ശിവസേനയ്ക്ക് 55 എംഎല്‍എമാരാണ് ഉള്ളത്. ഇവരില്‍ 37 പേരുടെ പിന്തുണ വിമത സംഘത്തിനുണ്ടെങ്കില് തന്നെ അത് കൂറ്മാറ്റത്തിന്റെ പരിധിയില്‍ വരില്ല.
സര്‍ക്കാര്‍ ഭരണം പ്രതിസന്ധിയില്‍ ആയതോടെ വിമതരോട് മുംബൈയിലേക്കെത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്ത്യശാസസനം നല്‍കിയെങ്കിലും അവര്‍ അത് തള്ളുകയായിരുന്നു.
മുംബൈയിലേക്ക് തിരിച്ചുവരാന്‍ വിമതര്‍ക്ക് പല അവസരങ്ങള്‍ നല്‍കിയെങ്കിലും അവര്‍ ഇത് തള്ളുകയാണ് ഉണ്ടായത്. തെറ്റായ നടപടിയാണ് വിമതര്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ ഞങ്ങള്‍ അവരെ മുംബൈയിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നു. നിയമസഭയിലാണെങ്കിലും റോഡിലാണെങ്കിലും തങ്ങള്‍ വിജയിക്കും. വിട്ടുപോയവര്‍ക്ക് ഞങ്ങള്‍ അവസരം നല്കി, ഇപ്പോള്‍ വളരെ വൈകി. ശേഷിക്കുന്ന രണ്ടര വര്‍ഷവും മഹാവികാസ് അഘാഡി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: