ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മ്മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി മന്ത്രി സഭയിലെ പ്രമുഖരുടേയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടേയും സാന്നിദ്ധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം. ബിജെപി മുഖ്യമന്ത്രിമാരും എന്‍ഡിഎ നേതാക്കളും അനുഗമിച്ചു.
എന്‍ഡിഎ സഖ്യത്തിന് പുറത്തുള്ള കക്ഷികളായ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി കക്ഷികളും പത്രിക സമര്‍പ്പിക്കാന്‍ ബിജെപി നേതാക്കള്‍ക്കൊപ്പം അനുഗമിച്ചു. ബിജു ജനതാദളിന്റെ ആറ് എംപിമാരും മുര്‍മ്മുവിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടാന്‍ ദല്‍ഹിയില്‍ എത്തി.
രാഷ്‌ട്രപതി സ്ഥാനാര്‍ഥി ആകുന്ന ആദ്യത്തെ ആദിവാസി വനിതയാണ് ദ്രൗപദി മുര്‍മു. 1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തില്‍ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്.
എല്ലാവരുടേയും വിശ്വാസം, എല്ലാവരുടേയും പിന്തുണ എന്ന മുദ്രാവാക്യം എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും പ്രവൃത്തിയിലൂടെ തെളിയിച്ചുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. തന്റെ പേര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമാണ്. ഇക്കാര്യം ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. തന്നെ തെരഞ്ഞെടുത്തതില്‍ അത്ഭുതവും സന്തോഷവുമുണ്ട്. മയൂര്‍ബഞ്ചല്‍ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ഞാന്‍. ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലന്നും അവര്‍ വ്യക്തമാക്കി.
ഒഡീഷ മണ്ണിന്റെ പുത്രിയാണ് ഞാന്‍. അതിനാല്‍ പാര്‍ട്ടിഭേദമന്യേ ഒഡിഷയിലെ എല്ലാ എംപിമാരുടേയും എംഎല്‍എമാരുടേയും പിന്തുണ ഉണ്ടാവുമെന്നാണ് തന്റെ ശുഭപ്രതീക്ഷ. ഒഡിയക്കാരി എന്ന നിലയില്‍ ഇവിടെയുള്ള എല്ലാവരുടേയും പിന്തുണ തേടാന്‍ തനിക്ക് അവകാശമുണ്ടെന്നും ദ്രൗപദി മുര്‍മു വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: